കൊച്ചി: ഒപ്പമുണ്ടായിരുന്ന യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ലൈംഗികച്ചുവയോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ പൊലീസിന്റെ പിടിയിലായി. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നിർദേശപ്രകാരമാണ് നടപടി. മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് എറണാകുളത്തെ ഒരു ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഹോസ്റ്റലിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാറിൽ കയറ്റിയ പ്രതി, യാത്രാമധ്യേ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ യുവതി മുളവുകാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തനിക്കെതിരെ കേസെടുത്ത വിവരം മനസ്സിലാക്കിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാനായത്. മുളവുകാട് എസ്എച്ച്ഒ എ നസീം, എസ്ഐ ഷാജി, എഎസ്ഐമാരായ സുനിൽ, ജലീൽ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, ബാബു, അജിലേഷ്, വിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

