യന്ത്രങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പാഴായിപ്പോകുന്ന ചൂടിനെ ഫലപ്രദമായി വൈദ്യുതിയാക്കി മാറ്റാൻ സഹായിക്കുന്ന നൂതന കണ്ടുപിടിത്തത്തിന് ദക്ഷിണ കൊറിയൻ സർക്കാരിന്റെ ഔദ്യോഗിക പേറ്റന്റ് ലഭിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ.
എം. ദീപുവിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയിരിക്കുന്നത്.
സൗത്ത് കൊറിയയിലെ ക്യുങ്പൂക്ക് നാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കിയ അദ്ദേഹം നിലവിൽ അതേ സർവകലാശാലയിൽ ഗവേഷകനായി സേവനം അനുഷ്ഠിക്കുകയാണ്. യന്ത്രങ്ങളുടെ താപത്തിൽ നിന്നു വൈദ്യുതി ഉൽപാദനം കൂടുതൽ കാര്യക്ഷമമാക്കാൻതക്ക വിധത്തിലുള്ള ഹൈബ്രിഡ് മെറ്റീരിയൽ ഉപകരണമാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വാഹനങ്ങളുടെ എൻജിനുകൾ, വിവിധ വ്യവസായശാലകൾ, വൈദ്യുത നിലയങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ നിന്നെല്ലാം നഷ്ടമാകുന്ന താപത്തെ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുവാൻ സാധിക്കുന്നതാണ് ഈ പുതിയ താപ വൈദ്യുത ഉപകരണം. യന്ത്രഭാഗങ്ങളിൽ ഈ താപവൈദ്യുത ഉപകരണങ്ങൾ ഘടിപ്പിച്ചുകൊണ്ടാണ് വൈദ്യുതി ഉൽപാദനം സാധ്യമാക്കുന്നത്.
ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ആവശ്യമെങ്കിൽ ബാറ്ററികളിൽ സംഭരിച്ച് സൂക്ഷിക്കുവാനോ, അതല്ലെങ്കിൽ യന്ത്രങ്ങളിൽ തൽക്ഷണം പുനരുപയോഗിക്കുവാനോ സാധിക്കും. കൂടാതെ, പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരവും അപകടരഹിതവുമായ മറ്റൊരു ബാറ്ററി കണ്ടുപിടിച്ചതിനും ഡോ.
എം. ദീപുവിന് കൊറിയൻ സർക്കാരിന്റെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
കോട്ടയം സിഎംഎസ് കോളജിൽ നിന്നും എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി വിജയിച്ച ദീപു, ഇടക്കുന്നം കൂവപ്പള്ളി ഉഷസ്സ് ഭവനിൽ എ. മുരുകദാസ് – ടി.
ദീപ ദമ്പതികളുടെ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

