രാജ്യത്തെ പ്രമുഖ വ്യവസായ ഭീമനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയിൽ പുതിയ ചുവടുവെയ്പ്പിനൊരുങ്ങുന്നു. വിമാന സർവീസ് മേഖലയിലേക്ക് കൂടി കടന്നുവരാൻ ലക്ഷ്യമിട്ട് ഗ്രൂപ്പ് പുതിയ നീക്കങ്ങൾ ആരംഭിച്ചു.
സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കുന്നതിന്റെ ഭാഗമായി നിലവിലെ ചട്ടങ്ങളിൽ ഇളവ് തേടി കമ്പനി കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിച്ചതായാണ് വിവരം. നിലവിലുള്ള നിയമപ്രകാരം വിമാനത്താവള കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാനക്കമ്പനിയിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വെക്കാൻ അനുവാദമില്ല.
ഈ ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.
ഡൽഹി വിമാനത്താവളത്തിൽ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജിഎംആർ എയർപോർട്സും സമാനമായ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ നിയമോപദേശം തേടുന്നതിനായി കേന്ദ്ര സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ എന്ന് അധികാരികൾ പരിശോധിച്ചു വരികയാണ്. നിലവിൽ ഇന്ത്യൻ വ്യോമയാന വിപണിയുടെ 90 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഇൻഡിഗോ, എയർ ഇന്ത്യ എന്നീ മുൻനിര കമ്പനികളാണ്.
ജെറ്റ് എയർവേസ്, ഗോ എയർലൈൻസ് തുടങ്ങിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ആകാശ എയർ, സ്പൈസ് ജെറ്റ് എന്നിവയ്ക്ക് നിലവിലെ ഭീമന്മാർക്ക് ശക്തമായ മത്സരം നൽകാൻ സാധിക്കുന്നില്ല.
ഈ സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ രംഗത്തേക്ക് വരുന്നത് വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും നിലവിലെ വിമാനക്കമ്പനികളിൽ നിന്നും ഈ നീക്കത്തിനെതിരെ എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്.
വിമാനത്താവള ഉടമകൾക്ക് വിമാനക്കമ്പനികളിലും നിക്ഷേപം നടത്താൻ അനുവാദം നൽകിയാൽ, ഈ ആനുകൂല്യം എയർ ഇന്ത്യയുടെ പ്രൊമോട്ടർമാരായ ടാറ്റ ഗ്രൂപ്പിനും ലഭ്യമാകും. ഇത് വഴി ടാറ്റ ഗ്രൂപ്പിന് വിമാനത്താവളങ്ങളിലും കൂടുതൽ ഓഹരി പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കും.
വിമാനക്കമ്പനി ആരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും എന്നാൽ അത്തരമൊരു പദ്ധതി തത്വത്തിൽ പരിഗണനയിലുണ്ടെന്നും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് നിലവിൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ്. തിരുവനന്തപുരം, മുംബൈ, നവിമുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവാഹതി, ജയ്പുർ എന്നീ 8 സുപ്രധാന വിമാനത്താവളങ്ങളുടെ ചുമതല ഈ കമ്പനിക്കാണ് ഉള്ളത്.
ഇതിനുപുറമെ പൈലറ്റ് പരിശീലനം, എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഗ്രൗണ്ട് ഹാൻഡ്ലിങ് എന്നീ മേഖലകളിലും സാന്നിധ്യമുള്ള ഗ്രൂപ്പ്, വിമാന സർവീസ് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നതോടെ വ്യോമയാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

