ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾക്കിടയിൽ, ഈ രംഗത്ത് പ്രാവീണ്യം നേടാനായി സ്വന്തം കുടുംബജീവിതത്തിൽ ഗുരുതരമായ വിട്ടുവീഴ്ചകൾ ചെയ്ത ഒരു സോഫ്റ്റ്വെയർ എൻജിനീയറുടെ അനുഭവം വലിയ ചർച്ചയാകുന്നു. അന്താരാഷ്ട്ര മാധ്യമമായ ദി വാഷിങ്ടൺ പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്.
സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന 31-കാരിയായ സ്റ്റാർട്ടപ്പ് ജീവനക്കാരിയുടെ ഭർത്താവായ എൻജിനീയറിങ് മാനേജറാണ് ഈ അനുഭവത്തിന് പിന്നിൽ. തൊഴിൽ രംഗത്ത് കടുത്ത മത്സരത്തെ അതിജീവിക്കാൻ ‘എഐ നേറ്റീവ്’ ആകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
ജോലി നിർവഹിക്കുന്ന എല്ലാ ഘട്ടങ്ങളിലും കൃത്രിമ ബുദ്ധി കൃത്യമായി ഉപയോഗിക്കാൻ അറിവുള്ള പ്രൊഫഷണലുകളെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി പകലും രാത്രിയും വാരാന്ത്യങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ സമയവും എഐ പഠനത്തിനും പുതിയ പരീക്ഷണങ്ങൾക്കുമായി മാറ്റിവെക്കണമെന്ന് അദ്ദേഹം ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു.
വീട്ടുജോലികളും പ്രീ-സ്കൂൾ പ്രായമുള്ള കുട്ടിയുടെ നോക്കിനടത്തിപ്പും പൂർണ്ണമായും ഭാര്യ തനിച്ച് ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഭർത്താവിന്റെ കരിയർ വളർച്ചയെ കരുതി ഭാര്യ ഈ നിബന്ധനകൾക്ക് സമ്മതം മൂളുകയും ചെയ്തു.
മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ താൻ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചതായി ഭർത്താവ് ഭാര്യയോട് വെളിപ്പെടുത്തി.
നിലവിൽ കമ്പനിയിൽ ഏറ്റവും കൂടുതൽ എഐ ടൂളുകൾ പ്രയോജനപ്പെടുത്തുന്ന ജീവനക്കാരനായി മാറാൻ തനിക്ക് സാധിച്ചെന്നും, ഈ നേട്ടത്തിന് പിന്നിൽ ഭാര്യയുടെ നിസ്വാർത്ഥമായ പിന്തുണയാണ് നിർണായകമായതെന്നും അദ്ദേഹം നന്ദിയോടെ അറിയിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ച ഈ സംഭവം വ്യാപകമായ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
സാങ്കേതിക മേഖലയിലെ അതിവേഗ മാറ്റങ്ങൾ ജീവനക്കാരിൽ കടുത്ത മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത് എന്നും, ജോലി നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലരും വ്യക്തിജീവിതം പോലും അവഗണിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം. അതേസമയം, കുടുംബത്തിന്റെ മുഴുവൻ ഭാരവും യാതൊരു പ്രതിഫലവുമില്ലാതെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന പങ്കാളികളുടെ അവസ്ഥയും ഈ സംഭവം വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട്.
കരിയറിലെ വിജയത്തിനായി കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട
സമയം നഷ്ടപ്പെടുത്തുന്നത് എത്രത്തോളം ശരിയാണെന്ന ചോദ്യവും പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ദി വാഷിങടൺ പോസ്റ്റ് പുറത്തുവിട്ട
വിവരങ്ങൾ അനുസരിച്ച്, നിരവധി സോഫ്റ്റ്വെയർ എൻജിനീയർമാരും വിവിധ സ്റ്റാർട്ടപ്പ് ജീവനക്കാരും മുൻനിര ടെക് കമ്പനികളിലെ ഉദ്യോഗസ്ഥരുമാണ് എഐ സാങ്കേതികവിദ്യയിൽ വേഗത്തിൽ വൈദഗ്ധ്യം നേടിയില്ലെങ്കിൽ തൊഴിൽ വിപണിയിൽ തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. കോഡിങ് നിർവഹിക്കൽ, ഡോക്യുമെന്റേഷൻ തയ്യാറാക്കൽ, ഗവേഷണം, പിഴവുകൾ തിരുത്തൽ, പ്രൊജക്റ്റ് ആസൂത്രണം തുടങ്ങി വിവിധ തലങ്ങളിൽ എഐ ഉപയോഗിക്കുന്നത് നിലവിൽ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

