പത്തനംതിട്ട ജില്ലയിലെ സ്കൂൾ പ്രവർത്തന സമയങ്ങളിൽ ടിപ്പർ ലോറികളുടെയും മറ്റ് ഭാരവാഹനങ്ങളുടെയും ഗതാഗതം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട
ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമയങ്ങളിൽ നിരോധിത സമയക്രമം കാറ്റിൽപ്പറത്തി ഭാരവാഹനങ്ങൾ സർവീസ് നടത്തുന്നത് പതിവായതോടെയാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.
പൊതുജനങ്ങളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ നിലവിലെ ഗതാഗത നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാവിലത്തെ സമയമായ 7.30 മുതൽ 10.30 വരെയും, വൈകിട്ട് 3.30 മുതൽ 5.00 വരെയുള്ള സമയങ്ങളിലും ടിപ്പർ ലോറികൾക്കും മറ്റ് ഭാരവാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും വരുംദിവസങ്ങളിൽ പ്രത്യേക നിവേദനം നൽകുമെന്ന് റിജോ വള്ളംകുളം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

