മേലുകാവ് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിന്റെ പശ്ചാത്തലത്തിൽ യുവാക്കൾ നടത്തുന്ന സാഹസിക പ്രകടനങ്ങൾക്കെതിരെ ആശങ്ക ശക്തമാകുന്നു. വിനോദസഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതിനായി ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്തേക്കുള്ള റോഡ് ടാർ ചെയ്ത് ഗതാഗതത്തിനായി തുറന്നുനൽകിയതോടെ സഞ്ചാരികളുടെ തിരക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് പാറക്കെട്ടുകൾക്ക് മുകളിൽ കയറിയുള്ള അപകടകരമായ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റീലുകൾക്ക് വേണ്ടിയാണ് യുവാക്കൾ ഇത്തരത്തിൽ ജീവൻ പണയം വെച്ചുള്ള സാഹസികതയിൽ ഏർപ്പെടുന്നത്.
കല്ലിന് മുകളിലെ ‘നരകപ്പാലം’ കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിൽ, അപകടകരമായ രീതിയിൽ ഇല്ലിക്കൽക്കല്ലിന്റെ പിൻവശത്തുള്ള കൂനൻകല്ലിൽ യുവാക്കൾ കയറുന്ന ദൃശ്യങ്ങളുണ്ട്.
ഏകദേശം 30 അടിയോളം ഉയരമുള്ള ഈ പാറക്കെട്ടുകൾ അങ്ങേയറ്റം അപകടസാധ്യത നിറഞ്ഞതാണ്. കാൽ വഴുതിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കാൻ സാധ്യതയുള്ള ഇവിടെ നിന്ന് വലിയ പ്രയാസപ്പെട്ടാണ് ഇവർ താഴെയിറങ്ങിയത്.
കഴിഞ്ഞയാഴ്ച കൂനൻകല്ലിന് സമീപം കാൽ വഴുതി വീണ് ഒരാൾക്ക് പരുക്കേറ്റിരുന്നു. യാത്രകളിൽ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മനോഹരമാണെങ്കിലും ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും നിറഞ്ഞ ഈ പാതകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ വിട്ടുവീഴ്ച പാടില്ല.
1. ഗിയർ ഉപയോഗം: കയറ്റം കയറുന്ന അതേ ഗിയറിൽ തന്നെ വാഹനം ഇറക്കം ഇറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
തെറ്റായ ഗിയർ ഉപയോഗം ബ്രേക്ക് ഡ്രം അമിതമായി ചൂടാകുന്നതിനും, തൽഫലമായി ബ്രേക്ക് പ്രവർത്തനരഹിതമായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു.
2. വേഗത: അമിതവേഗത ഒഴിവാക്കി റോഡിലെ വളവുകൾ മനസ്സിലാക്കി വേണം വാഹനം ഓടിക്കാൻ.
3.
കാലാവസ്ഥ: മഴയുള്ള സമയങ്ങളിൽ റോഡ് നനഞ്ഞു കിടക്കുന്നതും, മലയോരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം ചരൽ ചിതറിക്കിടക്കുന്നതും വാഹനങ്ങൾ തെന്നി മറിയാൻ ഇടയാക്കും. മലയോര മേഖലയിലെ വിനോദസഞ്ചാരം ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും നിർവഹിക്കാൻ സഞ്ചാരികൾ തയ്യാറാകണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

