വയനാട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒൻപതുവയസുകാരിക്കു നേരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ വ്യാപക പ്രതിഷേധം. എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്.
കൈക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ അസ്ഥിരോഗ വിദഗ്ധൻ കുട്ടിയുടെ പരിക്ക് ഗൗരവകരമാണെന്ന് വിലയിരുത്തുകയും ശസ്ത്രക്രിയ അടിയന്തരമായി ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള ദിവസമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവായ ജ്യോതിഷ് പ്രതികരിച്ചത് ഇങ്ങനെയാണ്: “എന്റെ കുട്ടി വീണ് കൈയിൽ പരുക്കുമായി മാനന്തവാടി മെഡിക്കൽ കോളജിൽ പോയിരുന്നു.
കുട്ടിയുടെ കൈ മുട്ടിന്റെ അവസ്ഥ ഗുരുതരമാണെന്നും ചലനശേഷി വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നിട്ടും ശസ്ത്രക്രിയ നടത്താൻ അധികൃതർ തയാറായില്ല.” ചികിത്സാ സൗകര്യങ്ങളുണ്ടായിട്ടും കൃത്യസമയത്ത് ഇടപെടാൻ അധികൃതർ തയ്യാറാകാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് ഉയരുന്ന ആരോപണം.
സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

