തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനിയായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വിഗീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെ രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ എത്തി മുറിയെടുത്തത്. തന്നെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
വിവാഹ അഭ്യർത്ഥന വിഗീഷ് നിരസിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ വിഗീഷ് നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ട പ്രതി മലപ്പുറത്തെത്തി തന്റെ സഹോദരിയോട് കൊലപാതക വിവരം വെളിപ്പെടുത്തി.
തുടർന്ന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തേഞ്ഞിപ്പാലം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പോലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് കൊല്ലപ്പെട്ട ധനലക്ഷ്മി.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

