വയനാട് നെന്മേനി കൃഷിഭവനിലും സമീപത്തെ വെറ്ററനറി സബ് സെന്ററിലും മോഷണശ്രമം നടന്നു. ഓഫീസുകളുടെ പൂട്ടുകൾ തകർത്താണ് അജ്ഞാത സംഘം അകത്തുകടക്കാൻ ശ്രമിച്ചത്.
എന്നാൽ സംഭവത്തിൽ ഇതുവരെയും കൃത്യമായ ഒരു തുമ്പും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കോളിയാടിയിലുള്ള നെന്മേനി കൃഷിഭവനിൽ രാവിലെ ജോലിക്കായി എത്തിയ ജീവനക്കാരാണ് പ്രധാന വാതിലിന്റെ പൂട്ട് തകർന്ന നിലയിൽ ആദ്യം കണ്ടത്.
ഇവർ ഉടൻ തന്നെ വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുകയും, തുടർന്ന് നൂൽപ്പുഴ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പത്തു ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഇവിടെ പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിരുന്നു.
കൃഷിഭവനിൽ ഇത് രണ്ടാം തവണയാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. ഇതിനു പുറമെ, മൂന്നു ദിവസം മുമ്പ് തൊട്ടടുത്തുള്ള വെറ്ററനറി സബ് സെന്ററിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.
രണ്ടിടത്തു നിന്നും ഇതുവരെ വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. എങ്കിലും, തുടർച്ചയായി ഇത്തരത്തിൽ മോഷണശ്രമങ്ങൾ ആവർത്തിക്കുന്നത് ഗൗരവകരമാണെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് ജനപ്രതിനിധികളുടെ ആരോപണം.
എന്നാൽ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിൽ നൂൽപ്പുഴ പോലീസിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധനകൾ പൂർത്തിയാക്കി.
ഇതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഈ സ്ഥാപനങ്ങളിൽ നിന്നും എന്ത് മോഷ്ടിക്കാനായിരിക്കും മോഷ്ടാക്കൾ എത്തിയത് എന്ന കൗതുകത്തിലാണ് നാട്ടുകാരും പോലീസും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

