തെഹ്റാനിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടായാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ടെഹ്റാൻ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ പ്രധാനപ്പെട്ട
ഊർജ്ജ അടിത്തറകൾ തകർക്കുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയിരുന്നു.
ഇതിനുള്ള മറുപടിയായാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട
കരാർ ഒപ്പുവെക്കുന്നതിലേക്ക് ഒമാനും അടുക്കുകയാണ്. പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽപാതയുടെ നിയന്ത്രണം ഇറാനും, പുറത്തേക്ക് പോകുന്ന പാതയുടെ നിയന്ത്രണം ഒമാനും കൈയാളുന്ന തരത്തിലുള്ള കരാറാണ് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയുണ്ടായി.
ഈ കരാർ യാഥാർത്ഥ്യമായാൽ കഴിഞ്ഞ ജൂൺ 17ന് ഒപ്പുവെച്ച ഇറാൻ-യുഎസ് വെടിനിർത്തൽ ധാരണയും വീണ്ടും നിലവിൽ വന്നേക്കും. ഇത് പശ്ചിമേഷ്യയിൽ കഴിഞ്ഞ അഞ്ച് മാസമായി നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് അവസാനമിടുമെന്നാണ് കരുതപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇറാനുമായുള്ള ചർച്ചകൾ മുന്നോട്ട് പോകുന്നതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി അറിയിച്ചു. അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ മേലുള്ള ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്ന മുൻ നിലപാടിൽ യുഎസ് ഭരണകൂടം അയവുവരുത്തിയിട്ടുണ്ടെന്നാണ് സൂചനകൾ ലഭിക്കുന്നത്. ചർച്ചകൾ അവസാന ഘട്ടത്തിലാണെങ്കിലും ചില നിർണായക വിഷയങ്ങളിൽ കൂടി സമവായത്തിലെത്താനുണ്ടെന്നാണ് യുഎസ് നിലപാട് വ്യക്തമാക്കുന്നത്.
മറ്റൊരു സംഭവവികാസത്തിൽ, ചെങ്കടലിൽ സൗദിയുടെ വഫ എണ്ണക്കപ്പലിനുനേരെ ഇന്നലെ മിസൈൽ ആക്രമണം ഉണ്ടായതായി ഇറാൻ പിന്തുണയുള്ള ഹൂതികൾ അവകാശപ്പെട്ടു. ചെങ്കടലിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ തകർക്കപ്പെട്ട
ഇന്ത്യൻ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാവികരെ യെമൻ തീരസേന സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഇടിച്ചുകയറ്റിയാണ് കപ്പൽ തകർത്തത്.
എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്നാണ് ചെങ്കടലിലെ ബാബുൽ മൻദിബിൽ ഹൂതികൾ സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

