യുഎസ് ഭരണകൂടവുമായുള്ള വ്യാപാര കരാർ സംബന്ധിച്ച നിർണായക ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായി. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധി ജെമിസൺ ഗ്രീറും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്.
കരാറിന്റെ ആദ്യഘട്ടം അന്തിമമാക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. നിലവിൽ ട്രംപിന്റെ 10 ശതമാനം ഏകീകൃത തീരുവയാണ് ഇന്ത്യക്ക് ബാധകമായിട്ടുള്ളത്.
ജൂലൈ 24-ന് ഈ കാലാവധി അവസാനിക്കാനിരിക്കെ, ഏഷ്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് അനുവദിക്കണമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കയറ്റുമതി മേഖലയിൽ രാജ്യത്തിന് മേൽക്കൈ ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
കരാർ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് തീരുവ വർദ്ധിപ്പിക്കാൻ പാടില്ലെന്ന കർശന ഉപാധിയും ഇന്ത്യ യുഎസിന് മുന്നിൽ വെച്ചിട്ടുണ്ട്. കരാറിന്റെ ഗുണനിലവാരത്തെ ചൊല്ലി ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരം തീരുവ കുറയ്ക്കുമെന്ന വാഗ്ദാനമായിരുന്നു ചർച്ചകളുടെ തുടക്കത്തിൽ ലഭിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതി പകരം തീരുവ പൂർണമായും റദ്ദാക്കിയതോടെ ആ വാഗ്ദാനത്തിന് പ്രസക്തി നഷ്ടപ്പെട്ടു.
യുഎസിലേക്കുള്ള കയറ്റുമതിക്ക് നേരത്തെ തന്നെ തീരുവ കുറവായതിനാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങളൊന്നും കരാറിലൂടെ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, ഊർജം, ടെക്നോളജി, കൽക്കരി തുടങ്ങിയ മേഖലകളിൽ നിന്നും യുഎസിൽ നിന്ന് കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും എണ്ണ വാങ്ങാനുമായി ഏകദേശം 50,000 കോടി ഡോളറിന്റെ (45.5 ലക്ഷം കോടി രൂപ) ഉറപ്പ് ഇന്ത്യ നൽകിയിട്ടുമുണ്ട്.
ഇന്ത്യയടക്കം 54 രാജ്യങ്ങൾക്കെതിരെ 12.5 ശതമാനം തീരുവ ചുമത്തുമെന്ന യുഎസിന്റെ പ്രഖ്യാപനം ചർച്ചകൾക്കിടെ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. നിർബന്ധിത തൊഴിലിലൂടെ ഉൽപാദനച്ചെലവ് കുറച്ച് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നടപടി.
ഇതിനുപുറമെ, യുഎസ് വ്യാപാര നിയമത്തിലെ 301-ാം വകുപ്പ് പ്രകാരം മറ്റൊരു അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. ഈ രണ്ട് തീരുവകളിലും ഇളവ് നൽകാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചായിരിക്കും യുഎസ് സംഘം ചർച്ചകളിൽ നിലപാട് വ്യക്തമാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

