തൃശൂർ നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് അവകാശപ്പെടുമ്പോഴും, പെയ്ത ആദ്യ മഴയിൽ തന്നെ നഗരം വീണ്ടും വെള്ളക്കെട്ടിലായി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ പെയ്ത ശക്തമായ മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ സ്വരാജ് റൗണ്ട്, ജനറൽ ആശുപത്രി പരിസരം, ജോസ് തിയറ്റർ, ബിനി ഹെറിറ്റേജ് എന്നിവിടങ്ങളിലും ഇക്കണ്ടവാരിയർ റോഡിലും വലിയ തോതിൽ വെള്ളം കെട്ടിക്കിടന്നു.
മഴ ശമിച്ച് അരമണിക്കൂറോളം കഴിഞ്ഞിട്ടും വെള്ളം ഒഴുകിപ്പോകാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടുവെന്ന് ഓരോ ഭരണസമിതിയും അവകാശപ്പെടാറുണ്ടെങ്കിലും, ഓരോ മഴക്കാലത്തും സ്ഥിതി പഴയതുപോലെ തന്നെ തുടരുകയാണ്.
പ്രത്യേകിച്ചും ഇക്കണ്ടവാരിയർ റോഡിൽ ഒരു വശത്തെ വെള്ളം പെട്ടെന്ന് ഇറങ്ങുമ്പോൾ, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മറുവശത്ത് വാഹനഗതാഗതം പോലും അസാധ്യമാംവിധം വെള്ളം കെട്ടിക്കിടക്കുന്നു. കാനകളിലെ തടസ്സങ്ങളും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലായ്മയുമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ, ഇത്തരം പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കാൻ നിലവിലെ ഭരണസമിതിയോ മുൻ ഭരണസമിതികളോ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിമർശനം ശക്തമാണ്. കാനയ്ക്കുള്ളിലെ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയാണ് ഓരോ മഴയിലും നഗരത്തെ വെള്ളത്തിലാക്കുന്നതെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

