അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ രംഗത്ത്. തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം സംഘടന നിരാകരിച്ചുവെന്നും, അമ്മയിൽ പരാതി നൽകിയിട്ട് യാതൊരു ഫലവുമില്ലെന്നും അൻസിബ ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഘടനയിലെ ഒരു ഭാരവാഹിയുമായി തനിക്കുണ്ടായ തർക്കം പോലീസ് സ്റ്റേഷൻ വരെ എത്തിയ സാഹചര്യത്തിലും, “this is nothing to do with amma” എന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചതെന്ന് അൻസിബ ആരോപിച്ചു. തനിക്കെതിരെ സംഘടനയ്ക്കുള്ളിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നടൻ ടിനി ടോമിനെതിരെയുള്ള പരാതിയിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കിയ താരം, അദ്ദേഹത്തെ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. മതപരമായ അധിക്ഷേപം തനിക്കെതിരെ നടത്തിയ സംഭവത്തിൽ നീന കുറുപ്പ് ഉൾപ്പെടെയുള്ളവർ സാക്ഷികളാണെന്നും, എന്നാൽ അവർ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാണോ എന്ന് അറിയില്ലെന്നും അൻസിബ പറഞ്ഞു.
ടിനി ടോമിനെതിരായ തന്റെ നിലപാട് കൃത്യമായ ബോധ്യത്തോടെയുള്ളതാണെന്നും അവർ വ്യക്തമാക്കി. മുൻപ് അനൂപ് ചന്ദ്രൻ തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചപ്പോഴും, അത് സംബന്ധിച്ച പരാതി പരിഗണിക്കാൻ സംഘടന തയ്യാറായില്ലെന്ന് താരം ഓർമ്മിപ്പിച്ചു.
അമ്മ ഭാരവാഹികളിലൊരാൾ നൽകിയ വ്യാജ പരാതിയെ തുടർന്ന് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്ക് ഹരാസ്മെന്റ് നേരിടേണ്ടി വന്നുവെന്ന് അൻസിബ ഹസൻ വെളിപ്പെടുത്തി. ഈ സംഭവമേൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് താൻ ഇതുവരെ മുക്തയായിട്ടില്ലെന്നും അവർ പറഞ്ഞു.
സംഘടനയുമായുള്ള വിയോജിപ്പുകൾ താൻ പലപ്പോഴും കൃത്യമായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, അവ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

