തിരുവല്ലം ബൈപാസിൽ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഐടി ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും തുടർന്ന് തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം വാഴപ്പള്ളി മുളവൂർ നിരപ്പ് വലിയവീട്ടുപറമ്പിൽ നവീൻ സിബി (25), തൊടുപുഴ മുട്ടം മ്രാല അരിക്പുറത്ത് വീട്ടിൽ ഉമ്മൻ വർഗീസിന്റെ മകൾ മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്.
കഴക്കൂട്ടത്തെ യുഎസ്ടി ഗ്ലോബൽ കമ്പനിയിൽ ടെസ്റ്റിങ് വിഭാഗം ഉദ്യോഗസ്ഥനാണ് നവീൻ. കിൻഫ്രയിലെ ഇവൈ കമ്പനിയിൽ അസോഷ്യേറ്റാണ് മൃദുല.
ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. നവീന്റെ പിറന്നാളായ ഇന്നലെ, ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാനായി കോവളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തുവെച്ചുതന്നെ മൃദുല മരണപ്പെട്ടു. നവീൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
മൃതദേഹങ്ങൾ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്കിൽ മറ്റേതെങ്കിലും വാഹനം തട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് തിരുവല്ലം എസ്എച്ച്ഒ ബിജു വ്യക്തമാക്കി.
മൃദുലയുടെ മാതാവ് സജി ഉമ്മൻ. അച്ചു, സുസു എന്നിവർ സഹോദരങ്ങളാണ്.
തുടരുന്ന അപകടങ്ങൾ, അധികൃതരുടെ മൗനം തിരുവല്ലം ബൈപാസിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ കാഴ്ചക്കാരാവുകയാണെന്ന ആക്ഷേപം ശക്തമാണ്. തിരുവല്ലത്തിനും പയറുംമൂടിനും മധ്യേയുള്ള മേഖലയിൽ അപകടങ്ങൾ പതിവാകുകയാണ്.
തിരുവല്ലം, പാച്ചല്ലൂർ ചുടുകാട്, വാഴമുട്ടം, വെള്ളാർ, കോവളം ജംക്ഷൻ, മുക്കോല, പയറുമൂട് തുടങ്ങിയ സ്ഥലങ്ങൾ ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തി അപകടരഹിത മേഖലയാക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരുവുവിളക്കുകൾ, ട്രാഫിക് സിഗ്നൽ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയുടെ അപര്യാപ്തത ഇപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പാച്ചല്ലൂർ ചുടുകാട് ക്രോസിങ്ങിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതും, കോവളം ജംക്ഷനിൽ സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായിട്ട് ആഴ്ചകളായതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

