കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്റേതാണെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. ജില്ലാ കമ്മിറ്റിക്ക് പിന്നാലെ നടന്ന കുണ്ടറ ഏരിയ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.
വി. ഗോവിന്ദൻ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.
നേതൃത്വത്തിന്റെ ശൈലിയും നിലപാടുകളിലെ കർക്കശസ്വഭാവവും പാർട്ടിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം കുറച്ചെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി പ്രവർത്തകർ അച്ചടക്കത്തിന്റെ ഭാഗമായി സഹിക്കുന്ന ധാർഷ്ട്യം പൊതുജനം അംഗീകരിക്കില്ലെന്ന് നേതാക്കൾ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ ഭരണശൈലിയും മാധ്യമങ്ങളോടുള്ള സമീപനവും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തുന്നു. തൊഴിലാളിവർഗ പ്രസ്ഥാനമായിട്ടും ആശാ വർക്കർമാരുടെ സമരത്തോട് സർക്കാർ സ്വീകരിച്ച നിലപാട് തെറ്റായ സന്ദേശം നൽകി.
സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം. വി.
ഗോവിന്ദന് പാർട്ടി തീരുമാനങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാൻ സാധിച്ചില്ലെന്ന വിമർശനവും ഉയർന്നു. അയ്യപ്പ സംഗമ വേദിയിൽ ബിജെപി നേതാവായ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ആശംസ സന്ദേശം വായിച്ചത് അണികളിലും ജനങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ന്യൂനപക്ഷ പ്രീണന നയം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് വിലയിരുത്തിയ യോഗം, കുണ്ടറ മണ്ഡലത്തിൽ സഭയുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതും വലിയ വീഴ്ചയായി കാണുന്നു. മുസ്ലിം, എൻ.എസ്.എസ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്.എൻ.ഡി.പി യോഗത്തെ ഒപ്പം നിർത്തിയിട്ടും വോട്ടുകൾ സമാഹരിക്കുന്നതിൽ പാർട്ടിക്ക് സാധിച്ചില്ല. മണ്ഡലത്തിലെ യുഡിഎഫ് പ്രതിനിധിയായ വിഷ്ണുനാഥ് എംഎൽഎ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചപ്പോൾ, പാർട്ടി നേതാക്കൾക്ക് സാധാരണക്കാരുടെ വീടുകളിൽ പോലും എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നും, ഇതാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

