കോയമ്പത്തൂർ സുലൂരിലെ കണ്ണമ്പാളയം തടാകത്തിന് സമീപം പത്തുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ പ്രക്ഷോഭത്തിന് വഴിവെച്ചു. സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ കാർത്തിക്, മോഹൻ രാജ് എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും സുലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.
സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് സമരം നടത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്നാട് ഡിജിപി സന്ദീപ് റായ് റാത്തോർ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.
ഇതിനിടെ, തമിഴ്നാട് മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രിയിലെത്തി ഇരയുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് സംസാരിച്ചു.
സുലൂർ മണ്ഡലം എംഎൽഎ എൻ.എം. സുകുമാറും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സംഭവത്തിൽ പ്രതികരിച്ചു. “ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.
“സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തിരുന്നു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.

