യൂറോപ്പിലെ വൃത്തിയുള്ള തെരുവുകളും മികച്ച പൊതുഗതാഗതവും ഉയർന്ന ജീവിതനിലവാരവും സോഷ്യൽ മീഡിയയിൽ കാണുമ്പോൾ വിദേശത്തേക്ക് പോകാൻ പലർക്കും ആവേശം തോന്നും. എന്നാൽ, ഈ തിളക്കമുള്ള ചിത്രത്തിന് പിന്നിൽ അധികം ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു യാഥാർഥ്യമുണ്ടെന്ന് ഫ്രാൻസിൽ കഴിയുന്ന ഇന്ത്യൻ യുവാവ് ആദിത്യ പറയുന്നു.
പുതിയ രാജ്യത്ത് ജീവിതം തുടങ്ങുമ്പോൾ നേരിടേണ്ടിവരുന്ന നിശ്ശബ്ദതയും ഏകാന്തതയും സാമൂഹിക അകൽച്ചയും മനസിലാക്കി വേണം യൂറോപ്പിലേക്ക് താമസം മാറ്റാനെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ആദിത്യ, യൂറോപ്പിലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കിട്ടത്.
യൂറോപ്പ് മോശമാണെന്ന അഭിപ്രായം അദ്ദേഹത്തിനില്ല. മറിച്ച്, ഇന്ത്യയിൽ പരിചിതമായ തിരക്കേറിയ സാമൂഹിക ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് പല യൂറോപ്യൻ രാജ്യങ്ങളിലും അനുഭവപ്പെടുകയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കുറച്ച് ആളുകൾ, കുറഞ്ഞ ശബ്ദം, പരിമിതമായ സാമൂഹിക ഇടപെടലുകൾ എന്നിവ ചിലർക്ക് വലിയ മാറ്റമായി തോന്നാം. കുടുംബവും സുഹൃത്തുക്കളും ചുറ്റുമില്ലാത്ത സാഹചര്യത്തിൽ പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്നതും ഈ അനുഭവം കൂടുതൽ ശക്തമാക്കും.
പ്രത്യേകിച്ച് തിരക്കേറിയ അയൽപക്കങ്ങളും നിരന്തരമായ മനുഷ്യബന്ധങ്ങളും പരിചിതമായ ഇന്ത്യക്കാരെ സംബന്ധിച്ച് ഈ മാറ്റം കടുത്ത ഏകാന്തതയായി അനുഭവപ്പെടാമെന്നും ആദിത്യ ചൂണ്ടിക്കാണിച്ചു. വീഡിയോയുടെ കുറിപ്പിലും അദ്ദേഹം ഇതേ കാര്യം വ്യക്തമാക്കി.
വിദേശത്തേക്ക് മാറുന്നവർ ഏകാന്തതയ്ക്കും പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്നതിനും കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നതിനും മാനസികമായി തയ്യാറായിരിക്കണമെന്നാണ് ആദിത്യ നൽകുന്ന മുന്നറിയിപ്പ്. നേരത്തെ തന്നെ ഈ യാഥാർഥ്യം മനസിലാക്കിയാൽ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നത് എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആദിത്യയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. “ഇത് വളരെ ശരിയാണ്” എന്നും “ഞാനും യോജിക്കുന്നു” എന്നും തുടങ്ങിയ കുറിപ്പുകൾക്കൊപ്പം “ഈ നിശ്ശബ്ദതയ്ക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്” എന്ന വ്യത്യസ്ത അഭിപ്രായവും ഒരാൾ പങ്കുവെച്ചു.
സോഷ്യൽ മീഡിയയിൽ വിദേശജീവിതത്തിന്റെ മനോഹരമായ വശങ്ങൾ മാത്രം കാണുന്നവർക്ക്, നാടുവിടുമ്പോൾ ജീവിതശൈലി മാത്രമല്ല, സാമൂഹിക ബന്ധങ്ങളിലും മാനസികാവസ്ഥയിലും വലിയ മാറ്റമാണ് സംഭവിക്കുകയെന്ന ഓർമപ്പെടുത്തലായി മാറുകയാണ് ഈ വീഡിയോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

