കോക്റോച്ച് ജനത പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. വെബ്സൈറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ പാർട്ടിയുടെ രാഷ്ട്രീയ ക്യാമ്പെയിനുകളും ആശയവിനിമയ മാർഗ്ഗങ്ങളും പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്.
ഏകദേശം പത്തു ലക്ഷത്തോളം അംഗങ്ങൾ രജിസ്റ്റർ ചെയ്തിരുന്ന പ്ലാറ്റ്ഫോമാണ് ഇതോടെ പ്രവർത്തനരഹിതമായത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഈ അക്കൗണ്ടുകൾക്ക് പിന്നിൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ (IB) കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ നിർദ്ദേശപ്രകാരമാണ് എക്സ് (X) അക്കൗണ്ട് വിലക്കിയത്.
നിലവിൽ രണ്ട് കോടിയോളം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടും തടയാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. അതേസമയം, വിലക്കപ്പെട്ട
എക്സ് അക്കൗണ്ടിന് പകരമായി ആരംഭിച്ച ‘കോക്റോച്ച് ഈസ് ബാക്ക്’ എന്ന ഹാൻഡിലിന് ഇതിനകം ഒന്നരലക്ഷം പേർ വരിക്കാരായിട്ടുണ്ട്. ഈ ഹാൻഡിൽ വഴി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യമുയർത്തി ക്യാമ്പെയിനുകൾ ആരംഭിച്ചിരുന്നു.
മെയ് 16-നാണ് ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സർവകലാശാലാ വിദ്യാർത്ഥിയുമായ അഭിജിത് ദിപ്കെ ഈ ആക്ഷേപഹാസ്യ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. മെയ് 15-ന് സുപ്രീം കോടതിയിലെ ഒരു വാദത്തിനിടെ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ “പാറ്റകളോട്” ഉപമിച്ചിരുന്നു.
ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോക്റോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

