അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥ്’ ഹാളിൽ വെച്ച് നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഒരു മണിക്കൂറിലധികം നീണ്ട ചർച്ച ഇരുവരും നടത്തി.
വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്. തന്റെ കന്നി ഇന്ത്യൻ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം എത്തിയത്. അവിടെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും, അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു.
ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
കൊൽക്കത്ത സന്ദർശനത്തിന് ശേഷം ഉച്ചയോടെയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.
എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വെച്ച് വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടർന്ന് അദ്ദേഹം ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങളും സന്ദർശിക്കുന്നുണ്ട്.
മേയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ ക്വാഡ് യോഗം വലിയ ഊന്നൽ നൽകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

