നീറ്റ് യുജി (NEET-UG) ചോദ്യപ്പേപ്പർ ചോർച്ചാ കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ അധ്യാപകരിലേക്ക് നീളുന്നു. നിലവിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നിയമിച്ച മൂന്ന് അധ്യാപകർ അറസ്റ്റിലായതിന് പിന്നാലെ, രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചു.
കോടികളുടെ സാമ്പത്തിക ഇടപാടുകൾ ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. അറസ്റ്റിലായ അധ്യാപകർ ഉൾപ്പെടെയുള്ളവർ ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുകയും, ഇതിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്ന് വൻതുക ഈടാക്കുകയും ചെയ്തതായി വിവരമുണ്ട്.
കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്തത് പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാർ (58) എന്നവരെയാണ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നിയമിച്ചിരുന്ന ഇവർ നീറ്റ് യുജി പരീക്ഷയുടെ ഫിസിക്സ് ചോദ്യപ്പേപ്പറുകൾ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ്.
താൻ കൈകാര്യം ചെയ്ത ചോദ്യങ്ങൾ മെയ് 16-ന് അറസ്റ്റിലായ മറ്റൊരു അധ്യാപികയായ മനിഷ മന്ധാരെയ്ക്ക് ഇവർ കൈമാറിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഈ ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ഒറിജിനൽ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളുമായി ഒത്തുപോയതായി സിബിഐ വ്യക്തമാക്കി.
പൂനെയിലെ ഒരു സ്കൂൾ പ്രിൻസിപ്പാളായ മനിഷ സഞ്ജയ് ഹവൽദാർ അടുത്ത മാസം 30-ന് വിരമിക്കാനിരിക്കെയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ പൂനെയിലെ കോളേജിലെ ബയോളജി അധ്യാപികയായ മനിഷ മന്ധാരെയും അറസ്റ്റിലായിരുന്നു.
ബോട്ടണി, സുവോളജി ചോദ്യങ്ങളാണ് ഇവർ കൈകാര്യം ചെയ്തിരുന്നത്. കേസിൽ ആദ്യം പിടിയിലായത് ലാത്തൂരിൽ നിന്നുള്ള അധ്യാപകൻ പി വി കുൽക്കർണി ആണ്.
കോളേജ് കെമിസ്ട്രി ലക്ചററായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഭാഗമായത്. ഇദ്ദേഹമായിരുന്നു മറാത്തിയിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്തിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 11 ആയി വർധിച്ചു. ദില്ലി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂർ, അഹില്യാനഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയത്.
രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ രേഖകൾക്ക് പുറമെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ഫൊറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

