ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന ‘മിഠായി’ പദ്ധതിയുടെ നടത്തിപ്പ് നിലവിൽ സാമൂഹ്യനീതി വകുപ്പിൽ നിന്നും മാറ്റി പൂർണ്ണമായും ആരോഗ്യ വകുപ്പിന്റെ കീഴിലാക്കണമെന്ന് ആവശ്യം ഉയരുന്നു. ഈ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കണമെന്നും, നിലവിൽ വിതരണം ചെയ്യുന്ന ഗുണമേന്മ കുറഞ്ഞ ഇൻസുലിൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ടൈപ്പ് വൺ പ്രമേഹബാധിതയായ കുട്ടിയുടെ മാതാവും പൊതുപ്രവർത്തകയുമായ ബുഷ്റ ശിഹാബ് ആണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പദ്ധതി പ്രവർത്തിക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.
പദ്ധതി ആരോഗ്യ വകുപ്പിന്റെ കീഴിൽ പുനസ്ഥാപിക്കുന്നതിനും ആവശ്യമായ ഗുണനിലവാരമുള്ള ഇൻസുലിൻ ലഭ്യമാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ബുഷ്റ ശിഹാബ് അറിയിച്ചു. നേരത്തെ, പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരള ടൈപ്പ് വൺ ഡയബറ്റിക് ഫൗണ്ടേഷൻ പ്രതിനിധികളുമായി അദ്ദേഹം സംവദിക്കുകയും കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു.
അന്നത്തെ ചർച്ചയിൽ തിരുവനന്തപുരം സ്വദേശിയായ അപ്സാന ആണ് കുട്ടികളുടെ പ്രതിനിധിയായി വിഷയങ്ങൾ വിശദീകരിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിക്കാനാകാതെ നഷ്ടപ്പെടുന്ന സാഹചര്യവും, നിലവിൽ ലഭ്യമാക്കുന്ന ഇൻസുലിൻ മരുന്നുകളുടെ ഗുണനിലവാരക്കുറവ് മൂലം കുട്ടികളുടെ ആരോഗ്യനിലയിൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും അന്ന് ചർച്ചയായിരുന്നു.
യുഡിഎഫ് അധികാരത്തിൽ വരുന്ന പക്ഷം ഇത്തരം കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് പ്രതിപക്ഷ നേതാവ് അന്ന് ഉറപ്പുനൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

