ബെംഗളൂരു ടൗൺ ഹാൾ പരിസരത്ത് മെയ് 24-ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി കർണാടക’യുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാഗ്രത നിർദ്ദേശവുമായി ബെംഗളൂരു പൊലീസ്. സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്തുമെന്നാണ് കന്നട
ഭാഷയിലുള്ള പോസ്റ്ററിൽ അവകാശപ്പെടുന്നത്. “പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും” പോസ്റ്ററിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ, ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി ഏതെങ്കിലും വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ ഔദ്യോഗികമായി അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ടൗൺ ഹാൾ പരിസരം ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും, ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പൊതുജനങ്ങൾക്ക് പൊലീസ് കർശന നിർദ്ദേശം നൽകി.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ പരിഹാസരൂപേണയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) രൂപീകരിച്ചത്. പൂനെ സ്വദേശിയായ അഭിജീത് ദീപ്കെ (30) എക്സ് പ്ലാറ്റ്ഫോമിൽ ആരംഭിച്ച ഈ പേജ്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ട്രോളുന്ന രീതിയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കേവലം അഞ്ചു ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 1.85 കോടി ഫോളോവർമാരെ നേടാൻ സിജെപിക്ക് സാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളുടെ ഫോളോവർമാരെ മറികടക്കുന്നതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

