കൊല്ലം തീരത്തോടു ചേർന്നു കടലിൽ എണ്ണ–പ്രകൃതി വാതക പര്യവേക്ഷണത്തിന്റെ ഭാഗമായുള്ള 6 കിലോമീറ്റർ താഴ്ചയിലുള്ള ഡ്രില്ലിങ് നടപടികൾ പൂർത്തിയായി. അസംസ്കൃത എണ്ണയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ഇനി 2000 മുതൽ 4000 മീറ്റർ വരെ താഴ്ചയിൽ വെൽ ടെസ്റ്റ് നടത്തുവാൻ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് തയാറെടുക്കുകയാണ്.
കൊല്ലം ആഴക്കടലിലെ ഇന്ധന പര്യവേക്ഷണത്തിനായി ഇംഗ്ലണ്ട് ആസ്ഥാനമായ ഹാലി ബ്രിട്ടൻ കമ്പനിയുമായി 1287 കോടി രൂപയുടെ കരാറിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് ഏർപ്പെട്ടിരിക്കുന്നത്. എണ്ണക്കിണർ സ്ഥാപിക്കുന്നതിനുള്ള ഉപകരാർ ഏറ്റെടുത്തിരിക്കുന്നത് മഹാരാഷ്ട്ര കമ്പനിയായ ആര്യ ഓഫ് ഷോർ സർവീസ് ആണ്.
കൊല്ലത്തിനും ആലപ്പാടിനും മധ്യേ സമുദ്രത്തിൽ 6 കിലോമീറ്റർ താഴ്ചയിൽ ഡ്രില്ലിങ് നടത്തിയെങ്കിലും എണ്ണയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് ആദ്യ സൂചനകൾ ലഭ്യമായിട്ടുള്ളത്. എങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് തുടർനടടിയായി വെൽ ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യം 3800 മീറ്ററിൽ നടത്തിയ പരിശോധനയിൽ അനുകൂല ഫലങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ഡ്രില്ലിങ് 6 കിലോമീറ്റർ താഴ്ചയിലേക്ക് നീട്ടിയത്.
കൊച്ചി തുറമുഖത്തു നിന്നാണ് ആവശ്യമായ ജീവനക്കാരെയും മറ്റു സഹായങ്ങളും ഡ്രില്ലിങ് പ്രദേശത്തേക്ക് എത്തിച്ചത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം 30–35 മിനിറ്റ് കൊണ്ട് ഡ്രില്ലിങ് സ്ഥലത്ത് എത്തിച്ചേരാൻ കഴിയുന്ന ദൂരമാണിത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇതുവരെ നടത്തിയിട്ടുള്ള എണ്ണ പര്യവേക്ഷണങ്ങളിൽ ഏറ്റവും ആഴം കൂടിയ ഡ്രില്ലിങ് നടത്തിയത് കൊല്ലം കടലിലാണെന്നാണ് ഈ മേഖലയിൽ ജോലി ചെയ്തവർ വ്യക്തമാക്കുന്നത്. എണ്ണ പര്യവേക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ജാക്–അപ് റിഗിന്റെ പ്രവർത്തനം നിലവിൽ അവസാനിപ്പിച്ചതായാണ് വിവരം ലഭിക്കുന്നത്.
ഇതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനുള്ള സാധ്യതകൾ കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. എങ്കിലും വെൽ ടെസ്റ്റിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ തുടർനടപടികൾ തീരുമാനിക്കുക.
എണ്ണ പര്യവേക്ഷണത്തിനു സ്ഥാപിക്കുന്ന കിണറിനായുള്ള എക്സ്പ്ലോറേറ്ററി വെല്ലിന്റെ ഡ്രില്ലിങ് 3.5 കിലോമീറ്റർ ആഴത്തിലാണു നടത്തിയത്. കടലിന്റെ താഴേത്തട്ടിൽ കട്ടിയുള്ള പാറയായതിനാൽ പര്യവേക്ഷണ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമായിരുന്നു.
ദിവസം 50 മീറ്റർ എന്ന ക്രമത്തിലായിരുന്നു ഡ്രില്ലിങ് പുരോഗമിച്ചത്. ഏകദേശം 5 മാസങ്ങൾ എടുത്താണ് 6000 മീറ്റർ ഡ്രില്ലിങ് പൂർത്തീകരിച്ചത്.
എന്നാൽ ഈ ആഴത്തിൽ എണ്ണ–പ്രകൃതി വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാതെ വന്നതോടെയാണ്, അതേ പ്രദേശത്ത് 2000–4000 മീറ്റർ താഴ്ചയുള്ള മേഖലകളിൽ വെൽ ടെസ്റ്റ് നടത്തുവാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

