കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത് വൈകുമെന്ന് സൂചന.
വാഹനത്തിന്റെ ഇഡിആർ (EDR) പരിശോധനയ്ക്കായി ജർമ്മനിയിലേക്ക് അയക്കാനാണ് തീരുമാനം. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയാൽ മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാൻ സാധിക്കൂ.
കമ്പനിയുടെ സ്വകാര്യത നയങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് അപകട
സമയത്തെ വാഹനത്തിന്റെ വേഗതയും മറ്റ് സാങ്കേതിക വിവരങ്ങളും പൊലീസിന് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കും. അതിനിടെ, കേസിൽ പ്രത്യേക അന്വേഷണവും നിയമനടപടികളും ഉറപ്പാക്കുന്നതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി.
അഡ്വക്കേറ്റ് ജോൺ എസ്. റാൽഫ്ന്റെ പേരാണ് കുടുംബം ഇതിനായി സർക്കാരിന് മുന്നിൽ നിർദേശിച്ചിട്ടുള്ളത്.
ഈ ആവശ്യം ഉന്നയിച്ച് കുടുംബം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും അപേക്ഷ സമർപ്പിച്ചു.
കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവർ നൽകിയ ജാമ്യ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കുന്നതിനൊപ്പം അവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കഴിഞ്ഞ ഒക്ടബോര്‍ 11ന് പുലര്‍ച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. നാടിനെ നടുക്കിയ ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറിയിട്ടുണ്ട്. സംഭവത്തിൽ 19 കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

