വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും കൃത്യമായി പ്രവർത്തിക്കുന്ന പുതിയ ഫെയ്സ് അൺലോക്ക് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. Android 17 QPR3 Beta 1 പതിപ്പിലെ കോഡുകൾ പരിശോധിച്ചപ്പോഴാണ് പിക്സൽ ഫോണുകളുടെ മുഖം തിരിച്ചറിയൽ സംവിധാനത്തിലെ പ്രധാന പോരായ്മ പരിഹരിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നത്.
Android Authority നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. “Face Active Illumination” എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ, വെളിച്ചമില്ലാത്ത മുറികളിലും മറ്റും ഫെയ്സ് അൺലോക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടെയും പ്രവർത്തിക്കാൻ സഹായിക്കുന്നതാണ്.
ആപ്പിളിന്റെ ഫെയ്സ് ഐഡിക്ക് സമാനമായ രീതിയിൽ പിക്സൽ ഫോണുകളുടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ മാറ്റിയെടുക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ അപ്ഡേറ്റിൽ പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഈ ഫീച്ചർ എപ്പോഴൊക്കെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ പ്രത്യേക സെറ്റിങ്സുകളും നൽകിയിട്ടുണ്ട്. ബെഡ്ടൈം, ഡു നോട്ട് ഡിസ്റ്റർബ് തുടങ്ങിയ വിവിധ മോഡുകൾക്കനുസരിച്ച് ഇതിന്റെ തെളിച്ചം ക്രമീകരിക്കാൻ സാധിക്കും.
എന്നാൽ ഗൂഗിൾ ഈ ഫീച്ചർ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ക്രീൻ തെളിച്ചം വർദ്ധിപ്പിച്ചുകൊണ്ടാണോ അതോ ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണോ ഈ ഫീച്ചർ പ്രവർത്തിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മുൻകാലങ്ങളിൽ ഇറങ്ങിയ Pixel 4 മോഡലിൽ ഇൻഫ്രാറെഡ് ഹാർഡ്വെയറും സോളി റേഡാർ ചിപ്പും ഉപയോഗിച്ചിരുന്നെങ്കിലും ചില രാജ്യങ്ങളിലെ നിയമപരമായ തടസ്സങ്ങൾ കാരണം ഈ സാങ്കേതികവിദ്യ പിന്നീട് ഗൂഗിൾ ഒഴിവാക്കുകയായിരുന്നു. തുടർന്നുള്ള മോഡലുകളിൽ ക്യാമറയെ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് അൺലോക്ക് ആണ് ഉപയോഗിച്ചുവരുന്നത്.
ഇത് ഇരുണ്ട മുറികളിൽ കൃത്യമായി പ്രവർത്തിക്കാറില്ല.
ഈ പുതിയ ഫീച്ചർ ഭാവിയിലെ ആൻഡ്രോയിഡ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുമോ അതോ കമ്പനി ഇതിൽ നിന്നും പിന്മാറുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

