സംസ്ഥാനത്ത് സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസുകളിലെ നോൺ എസി ചെയർകാർ കോച്ചുകളിൽ പുഷ് ബാക്ക് സീറ്റുകൾ പുനഃസ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച പുതിയ നോൺ എസി ചെയർകാർ കോച്ചുകളുടെ ചിത്രങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഔദ്യോഗിക സാമൂഹികമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.
തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളാണ് വൈകാതെ തന്നെ പുതിയ കോച്ചുകൾ ഉൾപ്പെടുത്തി സർവീസ് പുനരാരംഭിക്കുന്നത്. നിലവിലുള്ള ജനശതാബ്ദി ട്രെയിനുകളിലെ നോൺ എസി കോച്ചുകളിലെ സീറ്റുകളെക്കുറിച്ച് യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള പരാതികൾ ഉയർന്നിരുന്നു.
90 ഡിഗ്രി കോണിൽ സ്ഥിതി ചെയ്യുന്ന നിലവിലെ സീറ്റുകൾ ദൂരയാത്രകൾക്ക് തികച്ചും അനുയോജ്യമല്ലെന്നായിരുന്നു പ്രധാന ആക്ഷേപം. ഇത്തരം സീറ്റുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നതായും മൂന്ന് പേർക്ക് ഒന്നിച്ച് ഇരിക്കാനുള്ള സ്ഥലപരിമിതിയുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.
ട്രെയിനുകൾ എൽഎച്ച്ബി (LHB) കോച്ചുകളിലേക്ക് മാറ്റിയ ഘട്ടത്തിലാണ് നോൺ എസി വിഭാഗത്തിലെ സീറ്റുകളുടെ ഘടനയിലും മാറ്റംവന്നത്. പഴയ ഐസിഎഫ് (ICF) കോച്ചുകളിൽ പുഷ്ബാക്ക് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ എൽഎച്ച്ബി സംവിധാനത്തിലേക്ക് മാറിയതോടെ ജനശതാബ്ദിയിലെ സീറ്റുകൾ മെമു ട്രെയിനുകളുടെ മാതൃകയിലായി മാറി. എസി കോച്ചുകളിൽ മാത്രമാണ് പിന്നീട് പുഷ്ബാക്ക് സീറ്റുകൾ ലഭ്യമായിരുന്നത്.
എൽഎച്ച്ബി കോച്ചുകൾ പ്രാബല്യത്തിൽ വന്നതുമുതൽ യാത്രക്കാരിൽ നിന്നും സീറ്റുകളുടെ അസൗകര്യത്തെക്കുറിച്ച് നിരന്തരമായ പരാതികളാണ് റെയിൽവേ അധികൃതർക്ക് ലഭിച്ചുകൊണ്ടിരുന്നത്. വരാനിരിക്കുന്ന കോച്ച് നവീകരണത്തിൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ജനശതാബ്ദി എക്സ്പ്രസുകളിൽ പുതിയ നോൺ എസി കോച്ചുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. “Here’s a glimpse of what’s coming!
Brand-new Non-AC Chair Car coaches with ergonomic pushback seats Follow us for more updates. #JanshatabdiCoaches #KeralaJSupgrade #TVCSR #News #SouthernRailway #IndianRailways #JanShatabdi #PassengerConvenience #PassengersDivision”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

