കണ്ണൂർ പാനൂരിൽ നിന്നും പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പാനൂർ കരിയാട് പുളിയനമ്പ്രം പ്രിയദർശിനി യുവകേന്ദ്രത്തിനു സമീപം ശിവപ്രിയത്തിൽ ശിവസൂര്യയെ (17) ആണ് കഴിഞ്ഞ മാസം എട്ടിന് വീടുകളിൽ നിന്നും കാണാതായത്.
വെറും മൂവായിരം രൂപയും രണ്ടുജോടി വസ്ത്രങ്ങളും മാത്രമാണ് കൈവശം വെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോവുകയാണെന്നും ഇനി അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് മേശപ്പുറത്ത് എഴുതിവെച്ചിരുന്ന കുറിപ്പിലുണ്ടായിരുന്നത്.
വീട്ടിൽ നിന്നും കാശി വരെയുള്ള പാതകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, ഓണത്തിനു മുൻപെങ്കിലും മകൻ വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് അച്ഛൻ ജിഗീഷും അനുജത്തി ശിവപ്രദയും.
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് കാണാതായ ശിവസൂര്യ. കുട്ടിയുടെ അഞ്ചാം വയസ്സിൽ അമ്മ സിൽജ മരണപ്പെട്ടിരുന്നു.
തുടർന്ന് മുത്തശ്ശിമാരായ സരോജനി, ഗിരിജ എന്നിവരുടെ സംരക്ഷണയിലാണ് കുട്ടി വളർന്നത്. മുത്തശ്ശി സരോജനി മകൾക്കൊപ്പം ആശുപത്രിയിൽ പോയ തക്കത്തിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.
തുടക്കത്തിൽ ചൊക്ലി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നതെങ്കിലും, ബാലാവകാശ കമ്മിഷൻ കെ.വി.മനോജ്കുമാറിന്റെ ഇടപെടലിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു. തലശ്ശേരി എഎസ്പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് നിലവിൽ തിരോധാനം അന്വേഷിക്കുന്നത്.
കുട്ടിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. ഗെയിം കളിക്കാൻ പണം നൽകിയ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അച്ഛൻ ജിഗീഷ് പറയുന്നു:
“ആറുമാസം മുൻപാണു മകനു ഫോൺ വാങ്ങിക്കൊടുത്തത്. ഓൺലൈൻ ഗെയിം പതിവാക്കിയ കാര്യം അടുത്തിടെയാണ് ശ്രദ്ധയിൽപെട്ടത്.
ബന്ധുക്കളിൽനിന്നെല്ലാം പണം കടംവാങ്ങി ഗെയിം കളിക്കുന്നതറിഞ്ഞ് ഈ മാസം 2ന് ഫോൺ വാങ്ങിവച്ചു. പണം വാങ്ങുന്ന കാര്യം ഫോൺ പരിശോധിച്ചു മനസ്സിലാക്കിയത് 7ന് ആണ് ശിവസൂര്യ അറിഞ്ഞത്.
അതിന്റെ പിറ്റേന്നാണു വീടുവിട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ, നടന്നുപോകുന്ന ദൃശ്യം വീടിന് 500 മീറ്റർ അകലെയുള്ള വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പിന്നീട് എവിടെയും കണ്ടില്ല. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മംഗളൂരു, ബെംഗളൂരു എന്നിവിടെയൊക്കെ പൊലീസ് തിരഞ്ഞു.
പലരും വിളിക്കുന്നുണ്ട്. പാലക്കാട്ട് കണ്ടെത്തിയെന്നാണ് നാലാം ദിവസം വിവരം ലഭിക്കുന്നത്.
എന്നാൽ അതു മറ്റൊരു വിദ്യാർഥിയായിരുന്നു. മംഗളൂരുവിനടുത്തു പുത്തൂരിൽനിന്ന് ഒരാൾ ഏഴാം നാൾ വിളിച്ചു.
അവിടെ ബസ് സ്റ്റാൻഡിൽ കണ്ടെന്നുപറഞ്ഞു. പൊലീസിൽ വിവരമറിയിച്ച് ഞങ്ങൾ മംഗളൂരുവിലേക്കു പുറപ്പെട്ടു.
എന്നാൽ ആ ഫോൺ നമ്പർ പൊലീസ് പരിശോധിച്ചപ്പോൾ മലപ്പുറം പെരിന്തൽമണ്ണയിലാണ് ലൊക്കേഷനെന്നു കണ്ടെത്തി. പിന്നീട് ആ ഫോൺ ഓഫായി.
രണ്ടുദിവസം മുൻപ് പാനൂരിനടുത്ത് പേരോടെന്ന സ്ഥലത്തു കണ്ടെന്നു പറഞ്ഞ് ഫോൺ വന്നു.
പൊലീസ് പരിശോധിച്ചപ്പോൾ മറ്റൊരു വിദ്യാർഥിയായിരുന്നു. ഓരോ ഫോൺ വരുമ്പോഴും പ്രതീക്ഷയിലാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

