എരുമേലി തുമരംപാറയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പത്ത് അടി താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നര വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്.
കാവുങ്കൽ ജയിംസ് – ജോസ്നി ദമ്പതികളുടെ ഇളയ മകൻ എയ്ദൻ ആണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് കുട്ടിയുടെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിനോടു ചേർന്നുള്ള, ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. വീടിന് സമീപത്തെ പുരയിടത്തിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന പി.കെ.ഷാജഹാൻ, വീട്ടുകാരുടെ നിലവിളി കേട്ട് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
തുടർന്ന് സമീപവാസി എത്തിച്ച ഏണിയുടെ സഹായത്തോടെ കിണറ്റിലിറങ്ങിയ ഷാജഹാൻ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മുട്ടിനു മുകളിൽ മാത്രമാണ് കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്.
കിണറ്റിൽ നിന്നും പുറത്തെടുത്ത സമയത്ത് കുഞ്ഞിന് ഒട്ടും അനക്കമുണ്ടായിരുന്നില്ലെന്ന് പി.കെ.ഷാജഹാൻ വ്യക്തമാക്കി. കിണറ്റിൽവെച്ചും പുറത്തെത്തിയ ശേഷവും ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച കുഞ്ഞിനെ, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് കുഞ്ഞിന് ബോധം തിരിച്ചുകിട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

