വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന് ലഭിക്കാനുള്ള കുടിശ്ശികയായ 1500 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ദില്ലിയിൽ ചേർന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി എൻ ഷംസുദ്ദീൻ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് ആവശ്യപ്പെട്ടത്.
പിഎം ശ്രീ പദ്ധതിയുമായി ഈ തുക കൂട്ടികുഴക്കരുതെന്നും, പിഎം പോഷൻ പദ്ധതിയിൽ കേരളം സഹകരിക്കാമെന്നും മന്ത്രി ഷംസുദ്ദീൻ വ്യക്തമാക്കിയതായി വിവരമുണ്ട്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവാൻ കഴിയില്ലെന്ന നിലപാടിൽ തുടരുമ്പോഴാണ് മന്ത്രിയുടെ ഈ പ്രതികരണം.
മുൻ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാടിലാണ് യുഡിഎഫ് സർക്കാർ ഉള്ളത്.
നേരത്തെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പിണറായി വിജയന്റെ മുൻ അഡീഷണൽ പിഎസിന്റെ ലേഖനം പുറത്തുവന്നിരുന്നു. കരാറിൽ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് പിന്മാറാനാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയായ രതീഷ് കാളിയാടന്റെ ലേഖനം വ്യക്തമാക്കുന്നത്.
ഇടത് ഭരണകാലത്ത് മന്ത്രിസഭ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നും ലേഖനം വിമർശിക്കുന്നുണ്ട്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് എസ്എഫ്ഐ മുതൽ സിപിഎം നേതാക്കൾ വരെ യുഡിഎഫ് സർക്കാരിനോടാവശ്യപ്പെടുന്നത്.
എന്നാൽ ഒപ്പിട്ട കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ വ്യവസ്ഥകൾ പ്രകാരം സാധ്യമല്ലെന്നാണ് യുഡിഎഫിന്റെ വാദം.
ഈ തർക്കം തുടരുന്നതിനിടയിലാണ് സിപിഎം വാദങ്ങളെ ദുർബലപ്പെടുത്തി രതീഷ് കാളിയാടന്റെ ലേഖനം പുറത്തുവന്നത്. വ്യവസ്ഥ അനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തി മാത്രമേ കരാർ മരവിപ്പിക്കാൻ സാധിക്കൂ എന്നാണ് ലേഖനത്തിൽ പറയുന്നത്.
സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി ഇതിൽ നിന്ന് പിന്മാറാൻ വ്യവസ്ഥകളില്ല. ഫണ്ടിൽ റിസ്കെടുത്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കിൽ യുഡിഎഫ് സർക്കാരിന് എടുക്കാമെന്ന് ലേഖനത്തിന്റെ അവസാനഭാഗത്ത് പരാമർശിക്കുന്നുണ്ടെങ്കിലും, കരാറിലെ കർശന വ്യവസ്ഥകൾ സിപിഎം നിലപാടിനെ പിന്നോട്ടടിക്കുന്നതാണ്.
പിന്മാറ്റത്തെ മാത്രമല്ല, കരാർ ഒപ്പിട്ട രീതിയെയും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.
ആദ്യം കരാർ കാബിനറ്റിൽ വന്നപ്പോൾ മന്ത്രിമാർ എതിർത്ത് മാറ്റിവെച്ചിരുന്നു. പിന്നീട് മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാതെ കരാർ ഒപ്പിട്ടതിൽ അപാകതയുണ്ടെന്നാണ് പ്രധാന വിമർശനം.
ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര സമ്മർദ്ദത്തെക്കുറിച്ചും ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഒരു മലയാളം വാരികയിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവിൽ കരാറിലെ വ്യവസ്ഥകളിൽ ഇളവ് തേടാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സർക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

