വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. വരുന്ന വെള്ളിയാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർദ്ദേശം നൽകിയിരിക്കുന്നത്.
കേസിൽ റിബേഷിന് നേരത്തെ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ള വിവരങ്ങൾ ഇങ്ങനെയാണ്: ഒന്നാം പ്രതിയായ ജിതിൻ ഭാസ്കർ വ്യാജ സ്ക്രീൻഷോട്ട് ആദ്യം അയച്ചു നൽകിയത് റിബേഷിനാണ്.
തുടർന്ന് ഈ സ്ക്രീൻഷോട്ട് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് റിബേഷ് രാമകൃഷ്ണനാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് ഇദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതും ജാമ്യം നേടിയതും.
അതിനിടെ, കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ ഹർജി തള്ളിയത്.
പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസിന്റെ നീക്കം. ജിതിന് ജാമ്യം ലഭിച്ചതിനു ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയർത്തിയത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിച്ചിരുന്നത്.
രണ്ട് സംഭവങ്ങളിലും ജിതിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കേസുകൾ കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

