സംസ്ഥാനത്ത് നിലനിന്നിരുന്ന നിപ ഭീതി പൂർണ്ണമായി അകന്നതായി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ.
മുരളീധരൻ അറിയിച്ചു. ജൂൺ 11-ന് രോഗം സ്ഥിരീകരിച്ചതിനു ശേഷം 42 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രദേശത്ത് പുതിയ രോഗബാധിതർ ആരും ഇല്ലാത്ത സാഹചര്യം വിലയിരുത്തിയാണ് ഈ തീരുമാനം.
കൺടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളെയോ സഞ്ചാരസ്വാതന്ത്ര്യത്തെയോ തടസ്സപ്പെടുത്താത്ത വിധത്തിലാണ് സർക്കാർ പ്രതിരോധ നടപടികൾ ഏകോപിപ്പിച്ചത്. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് ഫലപ്രദമായി തടയാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങൾക്ക് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്.
രോഗിക്ക് നടത്തിയ മൂന്ന് നിപ പരിശോധനകളുടെ ഫലങ്ങളും നെഗറ്റീവ് ആയിട്ടാണ് വന്നിട്ടുള്ളത്. ചികിത്സയുടെ ഭാഗമായി തുടക്കം മുതൽ തന്നെ റിബാവെറിൻ മരുന്ന് നൽകിയിരുന്നു.
കൂടാതെ, ജൂൺ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെയിലെ എൻ.ഐ.വി.യിലും നടത്തിയ പരിശോധനകളിലാണ് രാമനാട്ടുകര സ്വദേശിയായ 43 വയസ്സുകാരന് ജൂൺ 11-ന് നിപ രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതുമുതൽ ആശുപതികൾ, രോഗി സന്ദർശിച്ചിരുന്ന മറ്റ് സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ കൺട്രോൾ റൂം തുറക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ആകെ 104 പേരാണ് സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്. ഇവരെല്ലാം തന്നെ നിരീക്ഷണ കാലയളവ് കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജൂൺ 14-ന് മന്ത്രി കെ. മുരളീധരൻ ജില്ല സന്ദർശിച്ചിരുന്നു.
ഇതിനു മുന്നോടിയായി ജൂൺ 13-ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനിൽകുമാർ ഉന്നതതല യോഗം വിളിച്ചു ചേർക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്തതു മുതൽ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ അവലോകന യോഗങ്ങൾ ചേരുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

