സംസ്ഥാനത്തെ ഒരു ലക്ഷം ആളുകൾക്ക് ജീവൻരക്ഷാ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള ‘മിഷൻ 100കെ’ എന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മന്ത്രി ഒ.ജെ.ജനീഷും സന്നിഹിതനായിരുന്നു. വിസ്ഡം 4 ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ കീഴിൽ വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡിസിറ്റിയും സംയുക്തമായാണ് ഈ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
വരുന്ന 12 മാസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലുമായി പദ്ധതി വ്യാപിപ്പിക്കും. കേരള പൊലീസ്, കെഎസ്ആർടിസി, കൊച്ചി മെട്രോ, റെയിൽവേ ജീവനക്കാർ, വിദ്യാർഥികൾ, അധ്യാപകർ, ഐടി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരിലേക്ക് പരിശീലനം എത്തിക്കും.
അടിയന്തര സാഹചര്യങ്ങളിൽ ഹൃദയസ്തംഭനം സംഭവിക്കുന്നവർക്ക് ജീവൻ നിലനിർത്താൻ സഹായിക്കുന്ന കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലനമാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നൽകുന്നത്. ആസ്റ്ററിന്റെ ‘ബി ഫസ്റ്റ്’ പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഹൃദയസ്തംഭനം ഉണ്ടാകുന്ന വ്യക്തിക്ക് ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ സിപിആർ ലഭ്യമാക്കാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ ഭൂരിഭാഗം പേർക്കും ഇത്തരം അടിസ്ഥാന ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഓരോ പ്രദേശത്തും അത്യാഹിത ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകാൻ പ്രാപ്തരായവർ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിന്റെ ഭാഗമായി, മിഷൻ 100കെയുടെ ക്യാമ്പയിൻ അംബാസഡറായ നടൻ മാത്യു തോമസ് മന്ത്രി ഒ.ജെ.ജനീഷിൽ നിന്ന് ‘കേരള ഫസ്റ്റ് റെസ്പോണ്ടർ’ ബാഡ്ജ് ഏറ്റുവാങ്ങി.
വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷൻ രക്ഷാധികാരിയും അംബാസഡറുമായ ടി.പി.ശ്രീനിവാസൻ ഐഎഫ്എസ്, സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടർ മേജർ ജനറൽ സി.ജി.അരുൺ എവിഎസ്എം, സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സ് ആർമി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനും പ്രോജക്ട് ഡയറക്ടറുമായ മൈക്കിൾ മാത്യു, ആസ്റ്റർ മെഡിസിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ.
ഷുഹൈബ് കാദർ, മാർ ഇവാനിയോസ് കോളജ് മാനേജർ ഫാ. തോമസ് കയ്യാലയ്ക്കൽ, ആസ്റ്റർ മെഡിസിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.
ജോൺസൺ കെ. വർഗീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

