രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളായ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) ഓഹരികൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ ഈ രണ്ട് വിമാനത്താവളങ്ങളിലും എഎഐയ്ക്ക് 26 ശതമാനം വീതം ഓഹരിയാണുള്ളത്.
നടപ്പു സാമ്പത്തിക വർഷം തന്നെ ഈ ഓഹരികൾ വിൽക്കുന്നതിന് എഎഐയ്ക്ക് കേന്ദ്രസർക്കാർ നിർദേശം നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള ദേശീയ സമ്പാദന പദ്ധതിയായ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ് ലൈൻ 2.0) ഭാഗമായാണ് ഈ നിർണായക തീരുമാനം നടപ്പിലാക്കുന്നത്.
ഇതിലൂടെ വരും വർഷങ്ങളിൽ വൻ തുക സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 26 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ഓഹരി കൈമാറ്റ നടപടികൾ വേഗത്തിലാക്കാൻ കാരണമായത്. ഓഹരി വിറ്റഴിക്കൽ വഴി നടപ്പുസാമ്പത്തിക വർഷം 2800 കോടി രൂപയും അടുത്ത സാമ്പത്തിക വർഷം 2950 കോടി രൂപയും കണ്ടെത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
പൊതുവിപണി വഴി ഓഹരികൾ വിൽപ്പന നടത്തുന്നതിന് പകരം, തിരഞ്ഞെടുത്ത സ്വകാര്യ നിക്ഷേപകർക്ക് നേരിട്ട് ഓഹരികൾ കൈമാറുന്ന പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയായിരിക്കും ഇതിനായി അവലംബിക്കുക. ഉയർന്ന വരുമാനമുള്ള ഈ വിമാനത്താവളങ്ങളുടെ ഓഹരികൾ സ്വന്തമാക്കാൻ വൻതോതിൽ നിക്ഷേപകർ മുന്നോട്ടുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഡൽഹി ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിൽ ജിഎംആർ എയർപോർട്സിന് 64 ശതമാനം ഓഹരിയും ജർമൻ കമ്പനിയായ ഫ്രാപോർട് എജിയ്ക്ക് 10 ശതമാനം ഓഹരിയുമാണുള്ളത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇവിടെ, 2023-24 സാമ്പത്തിക വർഷത്തിൽ 7.4 കോടി യാത്രക്കാരാണ് സേവനം പ്രയോജനപ്പെടുത്തിയത്.
മുംബൈ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 5.5 കോടി യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്.
ഇതിനുമുമ്പ്, 2021-ൽ 1685 കോടി രൂപ മുടക്കിയാണ് അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിലെ 23.5 ശതമാനം ഓഹരികൾ ഏറ്റെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

