പത്തനംതിട്ട ∙ കർക്കടക മാസത്തിലും അത്യുഷ്ണം അനുഭവപ്പെടുന്നുണ്ടോ? മഴയുള്ള ദിവസങ്ങളിൽ പോലും രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കുന്നില്ലേ? സംശയിക്കേണ്ട, ആഗോളതാപനം കേരളത്തിന്റെ കൂടി ഉറക്കം കെടുത്താനെത്തുന്നതായി കാലാവസ്ഥാ ഗവേഷകരുടെ സംഘടനയായ ക്ലൈമറ്റ് ട്രെൻഡ്സ് വ്യക്തമാക്കുന്നു. 1970 നെ അപേക്ഷിച്ച് ഉഷ്ണവേള ഇരട്ടിയായതായാണ് പഠനത്തിലെ പ്രധാന നിഗമനം.
അന്തരീക്ഷതാപനത്തോടൊപ്പം ഉഷ്ണവും കൂടി എത്തുന്നതോടെ ഒരു വർഷം കേരളത്തിൽ ഓരോ വ്യക്തിക്കും ശരാശരി നഷ്ടപ്പെടുന്നത് 88 മണിക്കൂർ നേരത്തെ ഉറക്കമാണ്. ലോകത്തെ 1338 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുന്ന പ്രവണത കണ്ടെത്തിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 107 നഗരങ്ങളെയാണ് ഈ ആഗോള പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചെന്നൈ ആണ് (93 മണിക്കൂർ) ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഉറക്കം നഷ്ടപ്പെട്ട
നഗരം. കേരളത്തിലെ പ്രധാനപ്പെട്ട
4 നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്. കോഴിക്കോട്, കൊച്ചി, കണയന്നൂർ (89 മണിക്കൂർ വീതം), തിരുവനന്തപുരം (86 മണിക്കൂർ).
രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ ഉറക്കനഷ്ടത്തിന്റെ മണിക്കൂർ കണക്ക് താഴെ പറയുന്നതാണ്: മുംബൈ (84), കൊൽക്കത്ത (80), അഹമ്മദാബാദ് (78), ഹൈദരാബാദ് (75), ബെംഗളൂരു (67), ഡൽഹി (66), പുണെ (65). 1970 ലെ അന്തരീക്ഷ സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

