ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രിട്ടനിലേക്ക് ആഭരണങ്ങൾ കയറ്റുമതി ചെയ്തു. ഈ സുപ്രധാന വ്യാപാര കരാറിന്റെ ഭാഗമായി യുകെയിലേക്ക് ഔദ്യോഗികമായി ആദ്യമായി ആഭരണങ്ങൾ എത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ ജ്വല്ലറി ശൃംഖലകളിൽ ഒന്നായി ഇതോടെ കമ്പനി മാറി.
ആഗോളതലത്തിലുള്ള കോർപ്പറേറ്റ് വളർച്ചയിലും രാജ്യത്തിന്റെ രത്ന-ആഭരണ കയറ്റുമതി മേഖലയിലും ഇതൊരു ചരിത്രപരമായ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. തലസ്ഥാനമായ ഡൽഹിയിലെ വാണിജ്യ ഭവനിൽ വെച്ചായിരുന്നു കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
ഈ വേളയിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറോൺ, കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ, മലബാർ ഗോൾഡ് നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് മുഹമ്മദ് ജിഷാദ് എൻ കെ, ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇന്ത്യയും യുകയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ഊർജ്ജസ്വലമാക്കാനും രാജ്യത്തിന്റെ ജ്വല്ലറി മേഖലയ്ക്ക് പുത്തൻ വാതിലുകൾ തുറക്കാനും ഈ വ്യാപാര കരാറിന് സാധിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അഭിപ്രായപ്പെട്ടു.
ഈ ചരിത്രനേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് കമ്പനിക്ക് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദി വേള്‍ഡ്” എന്ന കാഴ്ചപ്പാടാണ് തങ്ങൾ മുൻപോട്ടു വെക്കുന്നത്.
ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യം ലോകോത്തര വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ഇതിലൂടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലേക്കുള്ള കണ്ണിചേരൽ തങ്ങൾക്കും ഇന്ത്യൻ ജ്വല്ലറി വ്യവസായത്തിനും അഭിമാനകരമാണ്.
വിതരണ ശൃംഖല കൂടുതൽ വേഗത്തിലാക്കാനും, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനും, യുകെ വിപണിയിൽ കരുത്തുറ്റ സാന്നിധ്യം അറിയിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുംകാലങ്ങളിൽ വെസ്റ്റേണ്‍ വാല്യൂ ചെയിന്‍ മുഖേന യുകെ, യുഎസ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വിപുലമായ ബിസിനസ്സ് വിപുലീകരണത്തിനാണ് മലബാർ ഗോൾഡ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ 30-ലധികം പുതിയ ഷോറൂമുകൾ കൂടി ഈ മേഖലകളിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ തുടക്കം മുതൽ സജീവ പങ്കാളിത്തം വഹിച്ച മലബാർ ഗോൾഡ്, അന്താരാഷ്ട്ര നിയമങ്ങളും ഗുണനിലവാരവും കൃത്യമായി പാലിച്ചുകൊണ്ട് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ആഗോളതലത്തിൽ 14 രാജ്യങ്ങളിലായി 445-ലധികം ഷോറൂമുകൾ സ്വന്തമായുള്ള മലബാർ ഗോൾഡ്, മികച്ച നിർമ്മാണ ശൈലിയും ആധുനിക ഡിസൈനുകളും വിദേശ വിപണികളിൽ എത്തിച്ചുകൊണ്ട് ലോക ജ്വല്ലറി ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

