ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത വഴി യാത്ര ചെയ്യുന്നവർക്ക് മൂന്നിടങ്ങളിൽ ടോൾ തുക നൽകേണ്ടി വരും. ഇതിൽ ഒരു ടോൾ ബൂത്ത് ഉയരപ്പാതയിൽ തന്നെയായിരിക്കും.
പറവൂർ– തുറവൂർ റീച്ചിൽ കൃപാസനം ജംക്ഷനിലും അരൂർ– തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലുമാണ് പുതുതായി ടോൾ ബൂത്തുകൾ വരുന്നത്. എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്നതിനായി അരൂരിന് അപ്പുറമുള്ള കുമ്പളത്ത് നിലവിലൊരു ടോൾ പ്ലാസ പ്രവർത്തിക്കുന്നുണ്ട്.
ഇതോടെയാണ് യാത്രക്കാർ ആകെ മൂന്ന് ടോൾ ബൂത്തുകൾ കടന്നുപോകേണ്ടി വരുന്നത്. അതേസമയം, ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഓച്ചിറയിലെ ഒരു ടോൾ ബൂത്ത് മാത്രമാണ് കടക്കേണ്ടി വരുന്നത്.
സാധാരണയായി ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതകളിൽ ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ജില്ലയിൽ 30 കിലോമീറ്റർ പരിധിക്കുള്ളിലാണ് ഓരോ ടോൾ ബൂത്തുകളും വരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഓച്ചിറയിലും ടോൾ ബൂത്ത്
ഓച്ചിറയ്ക്ക് സമീപമുള്ള കൃഷ്ണപുരത്ത് നിന്ന് ആരംഭിച്ച് അരൂർ വരെ 96 കിലോമീറ്റർ ദൂരമാണ് ആലപ്പുഴ ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്. അരൂർ– തുറവൂർ ഉയരപ്പാത, തുറവൂർ– പറവൂർ, പറവൂർ– കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര– കൊല്ലം (ജില്ലയിൽ കൃഷ്ണപുരം വരെ) എന്നിങ്ങനെ നാല് റീച്ചുകളായാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൊറ്റുകുളങ്ങര– കൊല്ലം റീച്ചിലെ ടോൾ ബൂത്ത് ജില്ലയുടെ അതിർത്തി പ്രദേശമായ ഓച്ചിറയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ആവശ്യമായ ദൂരപരിധി ഇല്ലാത്തതിനാൽ പറവൂർ– കൊറ്റുകുളങ്ങര റീച്ചിൽ പുതിയ ടോൾ ബൂത്ത് ഉൾപ്പെടുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

