വിവാഹബന്ധത്തിന് കുടുംബം വിസമ്മതിച്ചതിന്റെ പകയിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ആളൊഴിഞ്ഞ വീട്ടിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. ആർ.സുധീഷ് (28), അരുൺ (21), ആർ.എസ്.ആരോമൽ (21), ആർ.ലാൽകൃഷ്ണ (20) എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ, കൊല്ലം ചിതറ തെറ്റിമുക്കിലെ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നും കർശന അന്വേഷണം ശക്തമായതോടെ, കഴിഞ്ഞ ദിവസം രാവിലെ ഇവർ ചിതറ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
പിന്നീട് ഇവരെ കിളിമാനൂർ പൊലീസിന് കൈമാറുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.
വർക്കല സ്വദേശിയായ അനിൽകുമാറിനെയും മകനെയും കിളിമാനൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി അക്രമിസംഘം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. മുഖ്യപ്രതിയായ സുധീഷിന് അനിൽകുമാറിന്റെ മകളെ വിവാഹം ചെയ്തു നൽകാൻ കുടുംബം തയ്യാറാകാത്തതാണ് ആക്രമണത്തിന് കാരണം.
യുവതിയുടെ ബന്ധുക്കളെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് സുധീഷ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ആകെ നാല് പ്രതികളാണുള്ളതെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അഞ്ച് പ്രതികൾ ഉണ്ടാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന് ലഭിച്ച സൂചന. തുടർന്ന് പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ തമിഴ്നാട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് കടന്നുകളഞ്ഞ സംഘം, നീണ്ട അഞ്ച് ദിവസത്തെ ഒളിവുജീവിതത്തിനൊടുവിലാണ് പിടിയിലായത്.
20-ാം തീയതി രാവിലെ ചിതറയിൽ തിരിച്ചെത്തിയ ഇവർ തെറ്റിമുക്കിലെ ക്വാറിയിലെ തുരങ്കം മാതൃകയിലുള്ള പാറയിടുക്കിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് രാത്രി മുഴുവൻ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ വളയുകയായിരുന്നു എന്ന് മനസ്സിലാക്കിയ പ്രതികൾ, കടുത്ത വിശപ്പും ഭയവും കാരണമാണ് ഒടുവിൽ കീഴടങ്ങാൻ തീരുമാനിച്ചത്.
ആരെയും തിരിച്ചറിയാതിരിക്കാൻ തല മൊട്ടയടിച്ചും മുടി വെട്ടിമാറ്റിയും വേഷം മാറിനടന്ന ശേഷമാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. റൂറൽ എസ്.പി ബി.കെ.പ്രശാന്തൻ കാനിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ നേതൃത്വം നൽകി.
കിളിമാനൂർ എസ്.എച്ച്.ഒ എ.നിസാർ, എസ്.ഐ ഓസ്റ്റിൻ ജി.ഡെന്നിസൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

