ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്തു വയസ്സുകാരിയുടെ ജന്മദിനാഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തി. കേടായ ചോക്ലേറ്റ് കഴിച്ചതിനെത്തുടർന്ന് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ പരാതി നൽകിയ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരൻ തന്റെ മകളുടെ ജന്മദിന ആഘോഷത്തിനായി 210 രൂപ വിലയുള്ള ചോക്ലേറ്റുകൾ വാങ്ങുകയായിരുന്നു.
പാർട്ടിയിൽ പങ്കെടുത്ത കുട്ടികൾ ഈ ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അടിയന്തര ചികിത്സ തേടേണ്ടി വരികയും ചെയ്തു. കുട്ടികൾ കഴിച്ച ചോക്ലേറ്റുകൾ പരിശോധിച്ചപ്പോഴാണ് അവയിൽ പുഴുക്കൾ ഉള്ളതായി കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ചോക്ലേറ്റ് നിർമ്മാതാക്കൾക്കും അത് വിറ്റ റീട്ടെയിൽ വ്യാപാരിക്കുമെതിരെ കുടുംബം ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച പ്രതികൾ, ചോക്ലേറ്റിന്റെ ഗുണനിലവാരമില്ലായ്മ തെളിയിക്കുന്ന ശാസ്ത്രീയ ലാബ് റിപ്പോർട്ടുകളോ തെളിവുകളോ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും വാദിച്ചു.
എന്നാൽ, പ്രതികളുടെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. ഉപഭോക്തൃ കോടതികളിലെ നടപടികൾ ലളിതവും സംക്ഷിപ്തവുമായ സ്വഭാവമുള്ളതാണെന്നും സിവിൽ കോടതികളെപ്പോലെ കർശനമായ തെളിവുനിയമങ്ങൾ മാത്രം അടിസ്ഥാനമാക്കിയല്ല പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ നിരീക്ഷിച്ചു.
കുടുംബം ഹാജരാക്കിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പിഴ ചുമത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

