ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പുതിയ നിക്ഷേപകരുടെ കടന്നുവരവിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. മാസങ്ങൾ പിന്നിടുന്തോറും വിപണിയിലേക്ക് പുതുതായി എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് പ്രകടമാകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുൻപ് വിപണിയിൽ ഏറ്റവും കൂടുതൽ നിക്ഷേപകരുള്ള സംസ്ഥാനമെന്ന പദവി കൈവിട്ട ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ പ്രവണത കൂടുതൽ ദൃശ്യമാണ്.
2026-ന്റെ തുടക്കത്തിൽ കേരളം വലിയ ഇടിവ് നേരിട്ടെങ്കിലും, മേയ് മാസത്തിൽ പ്രകടമായ ചെറിയ തിരിച്ചുവരവ് നിക്ഷേപക മേഖലയിൽ പ്രതീക്ഷ നൽകുന്നുണ്ട്. പുതുതായി 10.5 ലക്ഷം നിക്ഷേപകർ
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ജൂൺ മാസത്തെ ‘മാർക്കറ്റ് പൾസ്’ റിപ്പോർട്ട് പ്രകാരം, 2026 ജനുവരിയിൽ 17.67 ലക്ഷം പേരാണ് പുതുതായി ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരായി എത്തിയത്.
എന്നാൽ പിന്നീട് വന്ന മാസങ്ങളിൽ ഈ സംഖ്യ ക്രമാനുഗതമായി ഇടിഞ്ഞു. ഫെബ്രുവരിയിൽ 13.3 ലക്ഷമായും, മാർച്ചിൽ 12.3 ലക്ഷമായും, ഏപ്രിലിൽ 10.7 ലക്ഷമായും പുതിയ നിക്ഷേപകർ കുറഞ്ഞു.
മേയ് മാസത്തിൽ ഇത് 10.46 ലക്ഷമായി താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ, ക്രൂഡോയിൽ വിലവർധനയെത്തുടർന്നുള്ള പണപ്പെരുപ്പ ഭീതി, ആഗോള വിപണികളിലെ തളർച്ച, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് നിക്ഷേപകരെ ഓഹരി വിപണിയിൽ നിന്ന് അകറ്റിയ പ്രധാന ഘടകങ്ങൾ.
കേരളത്തിന്റെ നിലവിലെ സ്ഥാനം
എൻഎസ്ഇയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 13.11 കോടി ഓഹരി നിക്ഷേപകരാണുള്ളത്. 2.04 കോടി നിക്ഷേപകരുള്ള മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് തുടരുന്നു.
1.54 കോടി നിക്ഷേപകരുമായി ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തും, 1.11 കോടി നിക്ഷേപകരുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്. 2019-20 സാമ്പത്തിക വർഷത്തിന് ശേഷമാണ് ഗുജറാത്തിന് ഈ സ്ഥാനം നഷ്ടപ്പെട്ടത്.
പട്ടികയിൽ ബംഗാൾ, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാർ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവ പിന്നാലെയുണ്ട്. 33.63 ലക്ഷം നിക്ഷേപകരുമായി കേരളം പട്ടികയിൽ 14-ാം സ്ഥാനത്താണ്.
നിക്ഷേപകരുടെ വളർച്ച: കോവിഡാനന്തര കാലം
കേരളത്തിൽ നിക്ഷേപകരുടെ എണ്ണത്തിൽ വലിയ വർധനയാണ് കോവിഡിന് ശേഷം ഉണ്ടായത്. 2014-15ൽ 5.83 ലക്ഷമായിരുന്ന നിക്ഷേപകരുടെ എണ്ണം 2019-20ൽ 9.42 ലക്ഷമായി ഉയർന്നു.
തുടർന്ന് 2024-25 കാലയളവിൽ ഇത് 28.17 ലക്ഷമായി കുതിച്ചുയർന്നു. ഓഹരി വിപണിയെക്കുറിച്ചുള്ള അവബോധം വർധിച്ചതും, ഉയർന്ന റിസ്ക് ഉണ്ടെങ്കിലും മെച്ചപ്പെട്ട
വരുമാനം ലഭിക്കുമെന്ന വിശ്വാസവുമാണ് നിക്ഷേപകരെ ആകർഷിച്ചത്. മേയ് മാസത്തിലെ കണക്കുകൾ
മേയ് മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ നിക്ഷേപകരെ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്; 1.7 ലക്ഷം പേർ.
ജനുവരിയിൽ ഇത് 2.54 ലക്ഷമായിരുന്നു. ഗുജറാത്തിൽ ജനുവരിയിലെ 1.5 ലക്ഷത്തിൽ നിന്ന് മേയ് ആയപ്പോഴേക്കും പുതിയ നിക്ഷേപകരുടെ എണ്ണം വെറും 51,000 ആയി ചുരുങ്ങി.
കേരളത്തിന്റെ കാര്യമെടുത്താൽ ജനുവരിയിൽ 47,900 പേർ പുതുതായി എത്തിയ സ്ഥാനത്ത്, ഫെബ്രുവരിയിൽ 39,900 ആയും മാർച്ചിൽ 35,000 ആയും ഏപ്രിലിൽ 29,000 ആയും എണ്ണം കുറഞ്ഞു. എന്നാൽ മേയ് മാസത്തിൽ ഇത് നേരിയ തോതിൽ ഉയർന്ന് 31,600 ആയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

