സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള തീയതി നീട്ടി നൽകി. ഇതുപ്രകാരം ഓഗസ്റ്റ് അഞ്ചിന് കൂടി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞ എല്ലാ പൗരന്മാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ www.sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തുടർന്ന് നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും. കഴിഞ്ഞ ജൂലൈ 21ന് പുറത്തിറക്കിയ കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും കൂടാതെ നാല് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ 38 വാർഡുകളിലായി ആകെ 385 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കരട് വോട്ടർ പട്ടിക സംബന്ധമായ വിവരങ്ങൾ അറിയാൻ താലൂക്ക് വില്ലേജ് ഓഫീസുകൾ, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ സന്ദർശിക്കാവുന്നതാണ്. കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള ബാക്കി 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിൽ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ട് കോർപറേഷൻ വാർഡുകളും, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളും, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളും ഉൾപ്പെടുന്നു. കൂടാതെ ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്കും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

