കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അങ്കമാലി മേഖലയിലെ സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനത്തിൽ 1000 രൂപ മുതൽ 3000 രൂപ വരെ കുറവുണ്ടായതായി അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ വരുമാനം ഉപയോഗിച്ച് ബസുകൾക്ക് ഡീസൽ അടിക്കാനോ ജീവനക്കാർക്ക് വേതനം നൽകാനോ കഴിയാത്ത സാഹചര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, ആദ്യഘട്ടമെന്ന നിലയിൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തുടർന്ന് ജി ഫോം നൽകി സർവീസുകൾ പൂർണമായി നിർത്തിവെക്കാനുമാണ് ബസുടമകളുടെ തീരുമാനം. കെഎസ്ആർടിസിയിൽ നിലവിലുള്ള സൗജന്യയാത്ര മാതൃക സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.
സീറോ ടിക്കറ്റ് നൽകി ആ തുക സർക്കാർ ഉടമകൾക്ക് തിരികെ നൽകുന്ന രീതിയിലോ, കിലോമീറ്റർ അടിസ്ഥാനത്തിൽ 55 രൂപ വാടക നൽകി ബസുകളുടെ കളക്ഷൻ സർക്കാർ ഏറ്റെടുക്കുന്ന രീതിയിലോ പദ്ധതി നടപ്പാക്കാമെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഡീസൽ വിലയിൽ 8 രൂപയുടെ വർധനയുണ്ടായതും മേഖലയ്ക്ക് തിരിച്ചടിയായി.
ബജറ്റിൽ പ്രഖ്യാപിച്ച റോഡ് നികുതിയിലെ 50% ഇളവ് മാത്രം കൊണ്ട് ഈ പ്രതിസന്ധി തരണം ചെയ്യാനാവില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അങ്കമാലി-കൊരട്ടി, അങ്കമാലി-അത്താണി-ആലുവ റൂട്ടുകളിലായി സർവീസ് നടത്തുന്ന നൂറിലേറെ ബസുകളെയാണ് വരുമാന ഇടിവ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ഇതിനുപുറമെ മലയാറ്റൂർ-മുളങ്കുഴി, വല്ലം കടവ്, ദേവഗിരി, മഞ്ഞപ്ര, അയ്യമ്പുഴ-പ്ലാന്റേഷൻ, ഒലിവ്മൗണ്ട്, മാള, മാഞ്ഞാലി, തിരുത്തിപ്പുറം റൂട്ടുകളിലെ ബസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ധന നികുതിയിനത്തിൽ ഒരു ലിറ്ററിന് 22 രൂപ സർക്കാരിന് ലഭിക്കുന്നുണ്ടെന്നും, 60 ലിറ്റർ ഡീസൽ അടിക്കുന്ന ഒരു ബസിൽ നിന്ന് മാത്രം 1320 രൂപ നികുതിയായി സർക്കാരിലേക്ക് എത്തുന്നുണ്ടെന്നും അസോസിയേഷൻ കണക്കുകൾ നിരത്തി.
എന്നാൽ, ബജറ്റ് പ്രഖ്യാപന പ്രകാരം 38 സീറ്റുള്ള ഒരു ബസിന് പ്രതിദിനം 108 രൂപയുടെ നികുതി ഇളവ് മാത്രമാണ് ലഭിക്കുന്നത്. ഈ അസന്തുലിതാവസ്ഥ സ്വകാര്യ ബസ് മേഖലയെ സമ്പൂർണ തകർച്ചയിലേക്ക് എത്തിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

