കൊട്ടിയം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. മന്ത്രി പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുന്നതിനായി വാഹനം ആവശ്യപ്പെട്ട
പഞ്ചായത്ത് പ്രസിഡന്റിന് വാഹനം നിഷേധിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. തുടർന്ന് 15 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് ചടങ്ങിൽ പങ്കെടുത്തത്.
സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. കൊല്ലം പോർട്ടിൽ സംഘടിപ്പിച്ച രാജ്യാന്തര ഗാർഹിക തൊഴിലാളികളുടെ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നത്.
മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലേക്ക് പുറപ്പെടാൻ ഡ്രൈവറോട് വാഹനം തയ്യാറാക്കാൻ നിർദ്ദേശിച്ചെങ്കിലും, സെക്രട്ടറി അനുവാദം നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേതുടർന്നാണ് പ്രതിഷേധ സൂചകമായി അദ്ദേഹം സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്.
ചൂരൽ പൊയ്കയിലെ ടാർ മിക്സിങ് യൂണിറ്റിനെതിരെ നടപടിയെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെക്രട്ടറി ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല.
തുടർന്ന് ജനപ്രതിനിധികൾ നടത്തിയ സമരത്തിലുള്ള വിരോധമാണ് ഇത്തരമൊരു നിലപാടിലേക്ക് സെക്രട്ടറിയെ നയിച്ചതെന്ന് ജിനോക്കി എഡ്വേർഡ് ആരോപിച്ചു. ഔദ്യോഗിക വാഹനം നൽകാത്ത നടപടി സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

