തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു. സംഭവത്തിൽ പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
രാവിലെ വെങ്ങാനൂർ അംബേദ്കർ ഗ്രാമം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. നാല് പുരുഷന്മാർ ഉൾപ്പെടെ 37-ഓളം തൊഴിലാളികൾ സംഭവസ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഉണങ്ങിയ വാഴയിലകൾ വെട്ടിമാറ്റുന്നതിനിടയിലാണ് തൊഴിലാളികൾക്ക് നേരെ കൂട്ടത്തോടെ ആക്രമണമുണ്ടായത്. 19 പേർക്ക് കുത്തേറ്റപ്പോൾ, മറ്റുള്ളവർ പരിഭ്രാന്തരായി ചിതറിയോടി രക്ഷപ്പെടുകയായിരുന്നു.
സമീപ പ്രദേശത്ത് തേൻ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും അവിടെനിന്നെത്തിയ തേനീച്ചകളാകാം ആക്രമണം നടത്തിയതെന്നുമാണ് നാട്ടുകാരുടെ നിഗമനം. പനങ്ങോട് സ്വദേശിയായ മോഹനൻ നായർ (65), ജ്വല (59), ജലജ (55), വസന്ത (70), ചന്ദ്രൻ (69) എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെയും മറ്റ് ജോലിക്കാരെയും ഉടൻതന്നെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.
ശാലിനി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

