കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ കണ്ടെത്തിയ മൃതദേഹം, പത്ത് വർഷം മുൻപ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കൾ. പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിച്ച മൃതദേഹത്തിന് സമീപമായി പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരുന്നു.
പള്ളി വികാരിയുടെ നേതൃത്വത്തിൽ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിജോയുടെ കുടുംബം ഔദ്യോഗികമായി പരാതിയുമായി രംഗത്തെത്തിയത്.
2014-ൽ സ്വന്തം കുടുംബവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യയുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് സിജോ താമസം മാറി. അതിനുശേഷം മാതാപിതാക്കളുമായോ മറ്റ് ബന്ധുക്കളുമായോ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നില്ല.
തുടർന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, കല്ലറയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് സിജോയുടെ മാതാവ് ത്രേസ്യാമ്മ സ്കറിയയും കുടുംബവും ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് കരിക്കോട്ടക്കരി പോലീസ് നൽകുന്ന പ്രാഥമിക വിവരം.
സെമിത്തേരി നവീകരണ പ്രവർത്തനങ്ങൾക്കിടെ കല്ലറ നമ്പറുകൾ മാറിപ്പോയതുമൂലമുണ്ടായ ആശയക്കുഴപ്പമാണിതെന്നാണ് നിഗമനം. ഈ കല്ലറയിൽ 2006-ലും 2015-ലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു.
2015-ൽ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ പൊതിഞ്ഞാണ് അടക്കം ചെയ്തത്.
ഇതിന്റെ ചിത്രങ്ങളും അന്നത്തെ മൊഴികളും പരിശോധിച്ചതായി പൊലീസ് അറിയിച്ചു. എന്നിരുന്നാലും, വിലങ്ങാട് നിന്നുള്ള പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

