ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഗൂഗിൾ മാപ്പ് നൽകിയ തെറ്റായ വിവരങ്ങൾ മൂലം ഒരു കൂട്ടം വിദ്യാർഥികൾക്ക് നിർണായകമായ നീറ്റ് (NEET) പരീക്ഷ നഷ്ടമായി. സാങ്കേതിക തകരാർ കാരണം കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിൽ എത്താൻ കഴിയാതെ പോയതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്.
സംഭവത്തെക്കുറിച്ച് സംഭൽ സ്വദേശിയായ ഫൈസാൻ അലി വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘ആർ.എൻ. ഇന്റർ കോളജിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ തെറ്റായാണ് കാണിച്ചത്.
മാപ്പ് നോക്കി പോയ ഞങ്ങൾ മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോർട്ടിങ് സമയം കഴിഞ്ഞിരുന്നു.
സമയം കഴിഞ്ഞതിനാൽ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു’’ ഈ സംഭവം വിദ്യാർഥിയുടെ ഭാവിയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. മകൻ ഏറെക്കാലമായി കഠിനമായി പരിശ്രമിക്കുകയായിരുന്നെന്നും, സാങ്കേതിക പിഴവ് മൂലം ഒരു അക്കാദമിക് വർഷം തന്നെ നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്നും ഫൈസാന്റെ പിതാവ് ഇക്രാം പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായ രീതിയിൽ സാർഥക് എന്ന മറ്റൊരു വിദ്യാർഥിക്കും ഗൂഗിൾ മാപ്പിന്റെ തകരാർ കാരണം പരീക്ഷാഹാളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. റിപ്പോർട്ടിങ് സമയം പിന്നിട്ടതിനാൽ അധികൃതർ ഇവർക്ക് പ്രവേശനം അനുവദിച്ചില്ല.
സംഭവത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും വലിയ പ്രതിഷേധത്തിലാണ്. സാങ്കേതികമായ കാരണങ്ങളാൽ തങ്ങളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാവരുതെന്ന് ഇവർ അധികാരികളോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

