തിരഞ്ഞെടുപ്പ് ഫലങ്ങളെ അവലോകനം ചെയ്യുന്നതിനായി ചേർന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സംസ്ഥാനത്തെയും വിവിധ ജില്ലകളിലെയും നേതൃയോഗങ്ങളിൽ ഉയർന്നുവന്ന സമാനമായ വിമർശനങ്ങൾ തന്നെയാണ് കേന്ദ്ര കമ്മിറ്റിയിലും പ്രതിഫലിച്ചത്.
പാർട്ടി കോട്ടകളിലെ പരാജയം നേതാക്കൾക്കുള്ള അണികളുടെ തിരുത്തലാണെന്നും, ഇതിൽ നിന്നും അടിയന്തരമായി പാഠങ്ങൾ ഉൾക്കൊള്ളണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി അണികളുടെ പിന്തുണയില്ലാതെ വിമതർക്ക് ജയിക്കാൻ കഴിയില്ലെന്നും, അതിനാൽ വോട്ടുചോർച്ചയെ നേതാക്കൾ ഗൗരവമായി കാണണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽ നിന്നും അകന്നുവോ എന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ചർച്ചയിൽ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളും സമാനമായ ആശങ്കകൾ പങ്കുവെച്ചു.
നേതൃത്വം അമിത ആത്മവിശ്വാസം പുലർത്തിയോ എന്ന് പരിശോധിക്കണമെന്നും, നേതാക്കൾ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ നിർദ്ദേശിച്ചു. അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ച പിബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പരാജയത്തിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആദ്യ ദിനത്തിലെ ചർച്ചകളിൽ കേരളത്തിൽ നിന്നുള്ള നാല് പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇത്തവണത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നില്ല. യോഗത്തിലെ ചർച്ചകൾ നാളെയും തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

