കഴിഞ്ഞ വർഷം മേയ് മാസത്തിൽ കൊച്ചി തീരത്ത് മുങ്ങിയ ‘എം.എസ്.സി എൽസ-3’ (MSC ELSA-3) എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് ജീവനക്കാർ നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തങ്ങൾ എന്നും, ഒരു വർഷത്തോളമായി ഇന്ത്യയിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാർ സമർപ്പിച്ച ഹർജിയിൽ, തങ്ങളുടെ പാസ്പോർട്ടുകൾ തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിന്റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും കഴിഞ്ഞ 11 മാസമായി കൊച്ചിയിൽ തുടരാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
മെയ് 29-ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ലൈബീരിയൻ പതാകയുള്ള കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് നിലവിൽ നിരവധി കേസുകൾ നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

