ഗൂഗിളിന്റെ ജനപ്രിയ സ്ട്രീമിംഗ് ഉപകരണമായ ക്രോംകാസ്റ്റിന്റെ സുരക്ഷാ അപ്ഡേറ്റുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ക്രോംകാസ്റ്റ് സീരീസിലെ ഭൂരിഭാഗം മോഡലുകൾക്കും ഇനി മുതൽ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കില്ലെന്ന് ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് പേജിലെ പുതിയ പട്ടിക വ്യക്തമാക്കുന്നു.
2022-ൽ പുറത്തിറങ്ങിയ ‘ക്രോംകാസ്റ്റ് വിത്ത് ഗൂഗിൾ ടിവി (HD)’ എന്ന മോഡലിന് മാത്രമാണ് നിലവിൽ സുരക്ഷാ പിന്തുണ ഉറപ്പുള്ളത്. ഈ മോഡലിന്റെ പിന്തുണ 2027-ൽ അവസാനിക്കും.
ക്രോംകാസ്റ്റ് വിത്ത് ഗൂഗിൾ ടിവി (4K), മൂന്നാം തലമുറ ക്രോംകാസ്റ്റ്, ക്രോംകാസ്റ്റ് അൾട്രാ, ക്രോംകാസ്റ്റ് ഓഡിയോ, രണ്ടും ഒന്നും തലമുറ ക്രോംകാസ്റ്റ് ഉപകരണങ്ങൾ എന്നിവ ഇനി സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാത്തവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം ശ്രദ്ധയിൽപ്പെട്ട
ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് വിവരം പുറത്തുവിട്ടത്. അപ്ഡേറ്റുകൾ നിലച്ചാലും നിലവിൽ ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
സ്ട്രീമിംഗിൽ തടസ്സങ്ങൾ ഉണ്ടാകില്ലെങ്കിലും സുരക്ഷാ വീഴ്ചകൾക്ക് സാധ്യതയുണ്ട്. 2024-ൽ ഗൂഗിൾ ടിവി സ്ട്രീമർ പുറത്തിറക്കിയതോടെ ക്രോംകാസ്റ്റ് ഉപയോക്താക്കൾക്കിടയിൽ ആശങ്ക ഉയർന്നിരുന്നു.
ക്രോംകാസ്റ്റിന് പകരമായി ഗൂഗിൾ ടിവി സ്ട്രീമർ പൂർണ്ണമായൊരു പരിഹാരമല്ലെന്നും, വിലകൂടിയ സെറ്റ്-ടോപ്പ് ബോക്സ് ആയതിനാൽ സാധാരണക്കാർക്ക് ഇത് പ്രായോഗികമല്ലെന്നുമാണ് ഉപയോക്താക്കളുടെ വിലയിരുത്തൽ. അതേസമയം, ചില ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
സുരക്ഷാ പിന്തുണ പിൻവലിച്ചെങ്കിലും ആദ്യ തലമുറ ക്രോംകാസ്റ്റുകൾ ചിലയിടങ്ങളിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു. “My 1st gen is working again.
Guys DON’T throw your 1st gens. It’s back in tracks!” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
മറ്റൊരു ഉപയോക്താവ് പങ്കുവെച്ച വിവരം ഇങ്ങനെ: “Thanks! Yes, it indeed works NOW!
It didn’t work on 05/18, but now works again!!!!” ഈ വിഷയത്തിൽ ഗൂഗിളിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

