ഷൊർണൂർ കാരക്കാട് കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കവളപ്പാറ ഐക്കോൺസ് ആശുപത്രിക്കു സമീപം ഗോകുലം വീട്ടിൽ ഗോപകുമാർ (29) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പട്ടാമ്പിയിൽ നിന്ന് ഷൊർണൂർ പൊതുവാൾ ജംക്ഷൻ വഴി കവളപ്പാറ റോഡിലൂടെ കാരക്കാട്ടേക്കു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും തുടർന്ന് സമീപത്തെ തെങ്ങിലും ഇടിക്കുകയായിരുന്നു.
കാരക്കാട് സ്വദേശിയായ ശ്യാം ശങ്കർ അടുത്തിടെ വാങ്ങിയ യൂസ്ഡ് കാറിലായിരുന്നു അപകടം നടന്നത്. ശ്യാം ശങ്കർ, ഇവരുടെ സുഹൃത്തായ സുധീഷ് എന്നിവരാണ് ഗോപകുമാറിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപകുമാർ ഡ്രൈവിങ് സീറ്റിന്റെയും ബോണറ്റിന്റെയും ഇടയിൽ കുടുങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഷൊർണൂരിൽ നിന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് ഗോപകുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. കൂടെയുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളാണുള്ളത്.
ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ പൊലീസ് അപകടസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

