കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെടുന്നതോടെ കോട്ടയം ജില്ലയ്ക്ക് ലഭിക്കുന്നത് ചരിത്രപരമായ പ്രാധാന്യമാണ്. ഈ ഉന്നത പദവിയിൽ എത്തുമ്പോഴും നാടിന്റെ വികസന കാര്യങ്ങളിൽ സജീവമായ ശ്രദ്ധ പുലർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്പീക്കർ പദവിയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ: “ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കറുടെ പ്രധാന ജോലി പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ്.
ലോക്സഭാ സ്പീക്കറായിരുന്ന ജി.വി മവ്ലങ്കർ എടുത്ത നിലപാടുണ്ട്. സഭയുടെ നാഥനാകുമ്പോൾ ഇരുഭാഗത്തുമുള്ളവർക്ക് സ്വീകാര്യമായ നിലപാടുകൾ സ്വീകരിക്കുന്ന രീതിയിൽ സ്പീക്കർ ഉയരണം.
ഇപ്പോൾ സഭയ്ക്കുള്ളിൽ പലപ്പോഴും ശബ്ദകോലാഹലമാണ് ഉയരുന്നത്. ഇത് നല്ല രീതിയേയല്ല.
നാടിനു വേണ്ടത് നല്ല നിയമസഭാ രീതികളാണ്. അതിന് അംഗങ്ങൾക്ക് പിന്തുണ കൊടുക്കുകയാണ് സ്പീക്കറുടെ ജോലി.
അംഗങ്ങളുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കണം. എന്നാൽ അത് ഏറ്റുമുട്ടലിലേക്ക് പോകാതിരിക്കാനാണ് സമയക്ലിപ്തത വയ്ക്കുന്നത്.
അതിന് എല്ലാവരുടെയും സഹകരണം വേണം. ഇന്ത്യൻ നിയമസഭകളിൽ ഏറ്റവും പാരമ്പര്യമുള്ള സഭയാണ് നമ്മുടേത്.
ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകും. അംഗങ്ങളുടെ മാന്യത അംഗീകരിച്ച്, അവർക്ക് പറയാനുള്ളത് ശാന്തമായി കേട്ട്, ധൃതി പിടിക്കാതെ സമയക്രമം പാലിച്ച് മുന്നോട്ടു കൊണ്ടുപോകണം.” വികസന വിഷയങ്ങളിലെ ഇടപെടലുകളെക്കുറിച്ച് ചോദിച്ചപ്പോൾ, സ്പീക്കർ പദവി വികസനത്തിനായി ഫലപ്രദമായി ഉപയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
“സ്പീക്കർക്ക് ഇടപെടാൻ പറ്റാത്ത ഒരു കാര്യവുമില്ല. അംഗങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യങ്ങളിൽ ഇടപെടാം.
സ്പീക്കർക്കു തന്നെയും നേരിട്ട് പ്രത്യേക പരാമർശങ്ങൾ നടത്തിയും ഇടപെടാം. നിയമസഭ വഴി പല പ്രശ്നങ്ങൾക്കും പരിഹാരവും കാണാം.
സാധാരണക്കാരന് നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കു മുന്നിൽ പരാതി നൽകാം. അത് ചർച്ചയ്ക്കെടുക്കാം.
ഇങ്ങനെ പല രീതിയിൽ പ്രശ്നപരിഹാരങ്ങൾ ഉണ്ടാക്കാം. വികസന നടപടികളിൽ മാന്ദ്യം ഉണ്ടായാൽ സ്പീക്കർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിക്കാം.
ഇങ്ങനെ പല മരുന്നുകളും ഉപയോഗിക്കാം. കൂടുതൽ പറയുന്നില്ല.
സമയാസമയങ്ങളിൽ അത് ഉപയോഗിക്കും,” അദ്ദേഹം പറഞ്ഞു. മുൻഗാമികളായ വക്കം പുരുഷോത്തമന്റെയും വി.എം.
സുധീരന്റെയും പ്രവർത്തന ശൈലികളെ മാതൃകയാക്കുമെന്നും, പുതുമുഖങ്ങളെ സഭാനടപടികളിൽ കൂടുതൽ പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാന കാബിനറ്റ് മന്ത്രിമാരേക്കാൾ ഉയർന്ന സ്ഥാനമാണ് സ്പീക്കർക്കുള്ളത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യ സ്പീക്കറാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേരത്തെ, തിരുവിതാംകൂർ നിയമസഭയിൽ എ.ജെ.
ജോണും ആർ.വി. തോമസും സമാന പദവികളിൽ ഇരുന്നിട്ടുണ്ടെങ്കിലും, ഐക്യകേരളത്തിന്റെ നിയമസഭയിൽ ഈ നേട്ടം ആദ്യമായാണ് കോട്ടയത്തെ തേടിയെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

